
കുട്ടികളുടെ ലോകം ചോദ്യങ്ങൾ നിറഞ്ഞതാണ്. കൗതുകമാണ് അവരെ നയിക്കുന്നത്. അവർക്ക് പ്രിയപ്പെട്ട അമ്മയോടാവും സംശയങ്ങളിൽ മിക്കതും ആദ്യം ചോദിക്കുന്നത്. എന്നാൽ കുട്ടികളോട് പറയാൻ വിഷമകരമായ പല ചോദ്യങ്ങളും ചെറുപ്രായത്തിൽ അവർ ചോദിച്ചേക്കും. അതിൽ ഒന്നാണ് എങ്ങനെയാ താൻ ഉണ്ടായതെന്നും, എവിടെ നിന്നുമാണ് വരുന്നതെന്നുമുള്ള ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്ക് വിശദീകരിച്ച് ഉത്തരം നൽകാൻ അറിയാമെങ്കിൽ കൂടി കുട്ടികളോട് പറയാൻ പലപ്പോഴും മടിയുള്ളവരാകും മാതാപിതാക്കൾ. ശരിയായ രീതിയിൽ പറഞ്ഞില്ലെങ്കിൽ അത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാനും സാദ്ധ്യതയുണ്ട്. അതിനാൽ കുട്ടികൾ ഇത്തരത്തിലുള്ള ഒരു സംശയവുമായി നിങ്ങളുടെ അടുക്കൽ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
കുട്ടികൾ സംശയങ്ങൾ ചോദിക്കുന്നത് നല്ല ലക്ഷണമായി കാണണം, കാരണം അവരുടെ മനസ് ജിജ്ഞാസ നിറഞ്ഞതാണ്. സംശയങ്ങൾ മറ്റുള്ളവരുമായി ചോദിച്ച് ഉത്തരം കാണുന്നത് ആരോഗ്യമുള്ള മനസിന്റെ ലക്ഷണമാണ്. അതിനാൽ അനിഷ്ടകരമായ ചോദ്യങ്ങൾക്ക് മറുപടിയായി വഴക്ക് പറയുകയോ, അവഗണിക്കുകയോ ചെയ്യുന്നത് നല്ലതല്ല. കുട്ടികളെ ഇത്തരത്തിൽ വഴക്ക് പറഞ്ഞാൽ ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റാണ് എന്നൊരു സന്ദേശമാവും കുഞ്ഞിന് ലഭിക്കുന്നത്.
ഒരു കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവരോട് വിശദീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചിലർ കുഞ്ഞിനെ എങ്ങനെയോ കിട്ടിയെന്നോ, കളഞ്ഞ് കിട്ടിയെന്നോ, ദൈവം തന്നു എന്നൊക്കം ചെറിയ ഉത്തരങ്ങൾ നൽകി ചോദ്യം അവസാനിപ്പിക്കും. എന്നാൽ ഇതൊരു തെറ്റായ മാർഗമാണ്. ഇതിന് പകരമായി കുഞ്ഞിന് മനസിലാകുന്ന തരത്തിലുള്ള ശാസ്ത്ര വാക്കുകളിൽ ഇക്കാര്യം പറഞ്ഞ് മനസിലാക്കാനാവും. ഓരോ മനുഷ്യനും 'കോശങ്ങൾ' എന്നറിയപ്പെടുന്ന ചെറിയ കണങ്ങളാൽ നിർമ്മിതമാണെന്നും, അത്തരത്തിൽ കുഞ്ഞുങ്ങളെ നിർമ്മിക്കുന്ന കോശങ്ങൾ തങ്ങളിലുണ്ടെന്നും, കുഞ്ഞ് അമ്മയുടെ ശരീരത്തിനുള്ളിൽ ഗർഭപാത്രം എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക അറയിൽ നിന്നും വരുന്നതാണെന്നും അവരെ പറഞ്ഞു മനസിലാക്കുക. ഇത്തരത്തിൽ സിംപിളായി കാര്യങ്ങൾ പറയുന്നത് കാര്യങ്ങൾ ശരിയായി ഗ്രഹിക്കാൻ കുട്ടിയെ പ്രാപ്തമാക്കും. ഭാവിയിൽ സമാനമായ ചോദ്യങ്ങൾ ഉയർത്തുകയും ഇല്ല.