drowned

ലണ്ടന്‍ഡെറി: വടക്കൻ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ ജോസഫ് സെബാസ്റ്റ്യന്‍(16), ജോഷി സൈമണിന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍(16) എന്നിവരാണ് മരിച്ചത്. രണ്ടുപേരും കൊളംബസ് കോളേജിലെ വിദ്യാർത്ഥികളാണ്. കണ്ണൂര്‍, എരുമേലി സ്വദേശികളായ കുട്ടികളുടെ അമ്മമാർ വടക്കൻ അയർലൻഡിൽ നഴ്സായി ജോലി ചെയ്യുകയാണ്.

ഒരാൾ സംഭവസ്ഥലത്തുവച്ചും ഒരു കുട്ടി ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു കുട്ടി മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായി എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ മാതാപിതാക്കള്‍ കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ സ്ഥിരതാമസമാണ്.