sonia

ന്യൂഡൽഹി: കോൺഗ്രസിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്‌ടോബർ 17നെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ ആരുമുണ്ടാകില്ലെന്ന് അറിയിപ്പുമായി എഐസിസി വൃത്തങ്ങൾ. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ല. എന്നാൽ ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു. രാഹുൽ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ അറിയിച്ചതായി എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. അദ്ധ്യക്ഷസ്ഥാനത്തേക്കില്ലെന്നത് രാഹുലിന്റെ ഉറച്ച നിലപാടാണ്. കുടുംബപാർട്ടി എന്ന വിമർശനം ശക്തമാകുന്നതിനാലാണ് പ്രിയങ്കയും മത്സരിക്കാത്തത്.

രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിനാണ് ഔദ്യോഗിക വിഭാഗം അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കുന്നില്ലെങ്കിൽ തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് ജി23 വിഭാഗം നൽകുന്ന സൂചന. മനീഷ് തിവാരി, ശശി തരൂർ എന്നിവരുടെ പേരാണ് ഇതിനായി മുന്നിലുള‌ളത്. ശശി തരൂർ തന്റെ സ്ഥാനാർത്ഥിത്വം തള‌ളി. താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് തരൂർ വ്യക്തമാക്കിയത്. തരൂർ മത്സരിക്കുന്നതിനെ കോൺഗ്രസ് വിട്ട ഗുലാം നബി ആസാദും പിന്താങ്ങി. ഇതിനിടെ ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്നും വിട്ടതോടെ കാശ്‌മീരിൽ കോൺഗ്രസിൽ വൻ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നത്. 51 നേതാക്കൾ ആസാദിന്റെ പാർട്ടിയുമായി സഹകരിക്കാനായി കോൺഗ്രസ് വിട്ടു. ഇതിൽ മുൻ ഉപമുഖ്യമന്ത്രി താരാചന്ദുമുണ്ട്. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം രാഹുൽ ഗാന്ധിയാണെന്ന കടുത്ത ആരോപണമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചത്.