
ലക്‌നൗ: എതിർസ്വരങ്ങളെ അടിച്ചമർത്താൻ ഉത്തർപ്രദേശിൽ ബുൾഡോസർ ഉപയോഗിക്കുന്നെന്ന പരാതി വ്യാപകമാകുന്നതിനിടെ വീണ്ടും ബുൾഡോസറുമായി എത്തി യുപി പൊലീസ്. എന്നാൽ ഇത്തവണ ഒരു നല്ല കാര്യത്തിനാണ് ഉപയോഗിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയ യുവതിയെ സഹായിക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊളിക്കൽ വാഹനവുമായി പൊലീസ് എത്തിയത്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം.
നുതൻ മാലിക് എന്ന യുവതിയെ സഹായിക്കാനാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് എത്തിയത്. റോബിൻ എന്ന യുവാവുമായി 2017ൽ യുവതി വിവാഹിതയായിരുന്നു. വിവാഹത്തിന് പിന്നാലെ യുവാവും കുടുംബവും നുതനോട് അഞ്ച് ലക്ഷം രൂപയും ബൊലേറോ കാറും സ്ത്രീധനമായി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടെ കുടുംബത്തിന് ഇത് നൽകാൻ സാധിക്കാതെ വന്നതോടെ വീട്ടിൽ നിന്ന് യുവതിയെ അടിച്ചിറക്കുകയായിരുന്നു. 2019 മുതൽ യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നതെന്ന് പിതാവ് പറയുന്നു.
പിന്നാലെ ഇവർ കോടതിയെ സമീപിക്കുകയും ഭർതൃവീട്ടിൽ താമസിക്കാൻ യുവതിയെ അനുവദിക്കണമെന്ന് കോടതി വിധിക്കുകയും ചെയ്തു. എന്നാലിത് അനുസരിക്കാൻ ഭർത്താവിന്റെ വീട്ടുകാർ തയ്യാറായില്ല. ഇതേത്തുടർന്ന് യുവതിയും കുടുംബവും അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടുകയും ചെയ്തു. യുവതിയ്ക്ക് കോടതി സംരക്ഷണം നൽകുകയും ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ യുവതിയെ അനുവദിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞ ദിവസം കോടതി ഉത്തരവുമായി യുവതി എത്തിയെങ്കിലും വീട്ടുകാർ വാതിൽ തുറന്ന് നൽകിയില്ല. പൊലീസെത്തിയിട്ടും നടപടിയുണ്ടായില്ല. പിന്നാലെയാണ് വാതിൽ പൊളിക്കാൻ പൊലീസ് ബുൾഡോസറുമായി ഇന്നെത്തിയത്. കോടതി ഉത്തരവ് ലംഘിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് ലൗഡ്‌സ്പീക്കറിലൂടെ അനൗൺസ് ചെയ്യുകയും ഇതിന് പിന്നാലെ വീട്ടുകാർ വാതിൽ തുറന്ന് യുവതിയെ അകത്ത് പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നുണ്ട്.