national-flag

75 വര്‍ഷങ്ങള്‍ക്കുമുമ്പ് വിഭജനത്തിന്റെ നീറുന്ന മുറിവുകളുമായി ഇല്ലായ്മകളുടെ നടുവിലാണ് ഇന്ത്യ എന്ന നവരാഷ്ട്രം പിറന്നുവീണത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഭാരതം. ലോകജനസംഖ്യയില്‍ ആറിലൊന്നിലധികം മനുഷ്യര്‍ ഈ പുണ്യഭൂമിയിലാണ് ജീവിക്കുന്നത്. രാജ്യം 75 വര്‍ഷം കൊണ്ട് അടിസ്ഥാനസൗകര്യങ്ങളിലും ശാസ്ത്ര സാങ്കേതിക രംഗത്തും വികസിച്ച് മറ്റ് വികസിത രാജ്യങ്ങളുടെ തോള്‍ പൊക്കത്തില്‍ നില്‍ക്കുന്നു. ഒട്ടേറെപ്പേരുടെ ജീവത്യാഗത്തിനും സഹന സമരങ്ങള്‍ക്കും ലക്ഷ്യബോധത്തോടെയുള്ള പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യ എന്ന പൗരാണിക ഭൂഖണ്ഡം ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് മോചനം നേടിയപ്പോള്‍ ഭാവിയെക്കുറിച്ച് പലവിധമായിരുന്നു പ്രവചനങ്ങള്‍.

ബ്രിട്ടീഷുകാര്‍ വിട്ടുപോയ ഇന്ത്യയെ കുറിച്ച് പ്രതീക്ഷ വറ്റിയ ചിന്തകളായിരുന്നു അവര്‍ പോലും പുലര്‍ത്തിയിരുന്നത്. എങ്കിലും ഇന്ത്യന്‍ ജനത ഒട്ടേറെ വീഴ്ചകളെയും കോട്ടങ്ങളെയും യുദ്ധം പോലുള്ള ദുരിതങ്ങളെയും മഹാമാരി ദുരന്തങ്ങളെയും അതിജീവിച്ച് ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയായിരുന്നു. ഒരുകാലത്ത് വിദ്യാഭ്യാസ സാംസ്‌കാരിക തത്വശാസ്ത്ര കലാ പാരമ്പര്യങ്ങളിലും പ്രകൃതിവിഭവങ്ങളാലും സമ്പന്നമായിരുന്ന പൗരാണിക ഭാരതത്തെ തിരിച്ചുപിടിക്കാനുള്ള യജ്ഞത്തിലാണ് ആധുനികാനന്തര ഇന്ത്യ.


മുഗളരും ബ്രിട്ടീഷുകാരും മറ്റ് വൈദേശിക ശക്തികളും രാജ്യത്തെ ശതാബ്ദങ്ങളായി കൊള്ളയടിക്കുകയും ഇന്ത്യയുടെ ഔപനിഷല്‍ സംസ്‌കൃതിയെ വൈദേശിക മതാചാര സിദ്ധാന്തങ്ങളാല്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും കീഴടങ്ങാതെ ഇന്ത്യ അവളുടെ സ്വത്വം കാത്തു സൂക്ഷിക്കുകയായിരുന്നു. കാല്‍നൂറ്റാണ്ടിനുശേഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ ലോകത്തെ സൂപ്പര്‍ പവറും നേതൃ രാഷ്ട്രവും ആധ്യാത്മിക കേന്ദ്രവുമായി ഇന്ത്യ വളരുകയും അവരോധിതമാകുകയും ചെയ്യുമെന്നാണ് ലോക രാഷ്ട്ര മീമാംസകരെല്ലാം വിലയിരുത്തുന്നതും പ്രവചിക്കുന്നതും.


രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന ആസാദി കാ അമൃത് മഹോത്സവം ഒരു ഉത്സവം എന്നതിനേക്കാള്‍ രാഷ്ട്രത്തിന്റെ പാരമ്പര്യത്തെയും പൗരാണികതയെയും ഭാവി ലക്ഷ്യങ്ങളെയും ആര്‍ജ്ജിക്കേണ്ട ഉയരങ്ങളെകുറിച്ചുമുള്ള പുനര്‍ വിദ്യാഭ്യാസമെന്ന നിലയിലാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്. നമ്മള്‍ ഇതുവരെ കയറിയതും ഇനി കയറേണ്ടതുമായ പടവുകളെ കുറിച്ച് ഭാവിതലമുറയില്‍ അവബോധമുണ്ടാക്കാനാണ് ഈ അവസരം വിനിയോഗിക്കപ്പെടേണ്ടത്.


ജാതീയമായ ഉച്ചനീചത്വവും അന്ധവിശ്വാസങ്ങളും ഒരുകാലത്ത് ഇന്ത്യയെ ആഭ്യന്തരമായി പിന്നോട്ടടിച്ചിരുന്നു. ഇപ്പോഴും അതിന്റെ നിഴലുകള്‍ അങ്ങിങ്ങായി ശേഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും വര്‍ത്തമാനകാല ഇന്ത്യയുടെ സാമ്പത്തിക വിദ്യാഭ്യാസ നിയമവ്യവസ്ഥകള്‍ ഏതൊരു പൗരനും പുരോഗതിയിലേക്ക് വളരാനും വികസിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. സാമ്പത്തികരംഗത്ത് 1956ൽ നിലവില്‍ വന്ന ആസൂത്രണ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതികള്‍ ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിച്ച 90കളില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 6.1 ശതമാനമായി ഉയര്‍ന്നു. വ്യവസായ മേഖലയെ തളര്‍ത്തിയിരുന്ന ലൈസന്‍സ് രാജ് തൊണ്ണൂറുകളില്‍ ഏറെക്കുറെ ദുര്‍ബലമായതോടെ കൂടുതല്‍ സ്വകാര്യ സംരംഭങ്ങള്‍ക്ക് ധനമേഖലയില്‍ അവരുടേതായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതി വ്യാവസായിക വൈവിധ്യവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും ആക്കംകൂട്ടി എന്നത് വാസ്തവമാണ്. സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യയുടെ കാര്‍ഷിക ഉത്പാദനക്ഷമത വെറും 50 ദശലക്ഷം ടണ്‍ മാത്രമായിരുന്നെങ്കില്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍പാദക രാഷ്ട്രമാണ് ഇന്ത്യ. അതുപോലെ ആരോഗ്യ പരിപാലനം, ഐടി, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളില്‍ വന്‍ വളര്‍ച്ചയാണ് രാജ്യം നേടിയിട്ടുള്ളത്. 1950- 51 കാലത്ത് മൊത്തം ആഭ്യന്തര ഉല്പാദനത്തിലേക്ക് സേവന മേഖലയുടെ സംഭാവന 30 ശതമാനമായിരുന്നത് ഇപ്പോള്‍ 55 ശതമാനത്തിലേറെ ഉയര്‍ന്നു.


ലോകത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. നവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതികളും ആഭ്യന്തര ഉത്പാദനത്തില്‍ ഗണ്യമായ സംഭാവനകളാണ് നല്‍കുന്നത്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ വിപണിയാണ് ഇന്ത്യ. 1999ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ടെലികോം മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള ടെലികോം നയം സ്വീകരിച്ചതോടെയാണ് ഗ്രാമങ്ങളില്‍ പോലും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പെടെയുള്ള ടെലികോം സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യ 5ജി യുഗത്തിലേക്ക് കടക്കുകയാണ്.


ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനുമെല്ലാം വേണ്ട അടിസ്ഥാന മൂലധനം അറിവാണെന്ന് ഇക്കാലത്ത് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ താഴെതട്ടിലുള്ള രാഷ്ട്രങ്ങള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇന്ത്യയെ വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയായി പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ അടിയന്തരാവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ദിശയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ രാജ്യം പുരോഗമനപരമായ നടപടികള്‍ കൈക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുവെന്നത് ആശാവഹമാണ്. ശാസ്ത്ര സാങ്കേതിക രംഗത്തുള്ള ഇന്ത്യയുടെ മുന്നേറ്റവും അത്ഭുതപ്പെടുത്തുന്നതാണെന്നാണ് വിദേശ രാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്. 1951ലെ ആദ്യ പഞ്ചവത്സര പദ്ധതിയില്‍ തന്നെ ശാസ്ത്ര വ്യവസായിക ഗവേഷണ രംഗങ്ങള്‍ക്ക് സവിശേഷ പ്രാധാന്യം നല്‍കിയിരുന്നതായി കാണാം. 2008ല്‍ എത്തുമ്പോള്‍ ചന്ദ്രയാനും 2013ല്‍ മംഗള്‍യാന്‍ ദൗത്യങ്ങളും ഇന്ത്യയ്ക്ക് വിജയിപ്പിക്കാനായി.


150 രാജ്യങ്ങളിലായി 1500 കോടി ഡോസ് വാക്‌സിന്‍ ഓരോ വര്‍ഷവും കയറ്റി അയച്ചു കൊണ്ട് ബയോടെക്‌നോളജിയിലും മികവ് തെളിയിച്ച ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി എന്നാണ് ഇപ്പോള്‍ വിളിക്കപ്പെടുന്നത്. ചലച്ചിത്രം, കല, കായികം തുടങ്ങിയ മേഖലകളിലും ഇന്ത്യ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ മികവിലേക്ക് അനുദിനം കുതിക്കുന്ന രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാനാകില്ല. അതിലൊന്ന് കാലാവസ്ഥാ പ്രതിസന്ധിയും മറ്റൊന്ന് വര്‍ധിക്കുന്ന ജനസംഖ്യയുമാണ്. നഗരവല്‍ക്കരണവും ജനസംഖ്യാ വര്‍ദ്ധനവും രാജ്യത്തെ പ്രകൃതി വിഭവ ചൂഷണത്തിന് കാരണമാകുന്നുണ്ട്. 150 രാജ്യങ്ങള്‍ ഉള്‍പ്പെട്ട 2022 ലെ ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഇന്ത്യ ഏറ്റവും പിന്നിലാണ്. രാജ്യത്തെ ഹരിതഗൃഹവാതക ഉദ്ഗമനത്തിന്റെ 12 ശതമാനത്തിനും കാരണം വനനശീകരണമാണ്. ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിച്ചു വനവല്‍ക്കരണത്തിലൂടെയും മറ്റും 2030 കം 2.5-3 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ സിങ്ക് സൃഷ്ടിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണാര്‍ത്ഥം രാജ്യം അഭിമുഖീകരിക്കുന്ന വലിയ ഉത്തരവാദിത്വം.


ഐക്യരാഷ്ട്രസഭയുടെ 2022ലെ ലോകജനസംഖ്യ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 2023ലെ ആള്‍ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ്. ഇന്ത്യയുടെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 477 ആളുകളാണ്. ആഗോള നിരക്കിനേക്കാള്‍ എട്ട് മടങ്ങ് അധികമാണിത്. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ശക്തമാക്കുകയും സന്താനനിയന്ത്രണം നിയമമാക്കുകയും ചെയ്തില്ലെങ്കില്‍ രാജ്യത്ത് ലഭ്യമായ വായുവും ഭക്ഷണവും ഇത്രയും ജനങ്ങള്‍ക്ക് വരുംകാലങ്ങളില്‍ തികയാതെ വരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന ഇത്തരം പോരായ്മകള്‍ ശക്തമായ നിയമ നിര്‍മാണത്തിലൂടെ ആര്‍ജ്ജവമുള്ള ഭരണകൂടത്തിന് പരിഹരിക്കാനാകും. സന്താന നിയന്ത്രണവും ഏകീകൃത സിവില്‍ നിയമങ്ങളും നടപ്പിലാക്കുന്നതോടെ രാജ്യം ഏകാത്മക ശക്തിയായി മാറാന്‍ അധികകാലം വേണ്ടി വരില്ല. ലോകത്ത് ഒരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത സാംസ്‌കാരിക പൈതൃകവും പാരമ്പര്യവുമുള്ള ഇന്ത്യ വരുംകാലങ്ങളിലും ലോകത്തിന് അത്ഭുതമായി തന്നെ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല.

madhavan-b-nair

(വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും മുൻഫൊക്കാന പ്രസിഡന്റുമാണ് ലേഖകൻ)