മീൻകറിയിൽ വിവിധ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ചോറിനും കപ്പയ്ക്കും പുട്ടിനുമൊക്കെ ബെസ്റ്റ് കോംബിനേഷനാണ് മീൻ കറി. പച്ചമീൻ കറിപ്പോലെതന്നെ രുചികരമാണ് ഉണക്കമീൻ വിഭവങ്ങളും. ഇത്തവണ അത്തരമൊരു മീൻ വിഭവമാണ് സോൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്. തേങ്ങയരച്ച പടവലങ്ങ ഉണക്കച്ചെമ്മീൻ കറി (പടവലങ്ങ ചെമ്മീൻ സ്റ്റ്യൂ) പ്രിയനടി കാലടി ഓമനയാണ് തയ്യാറാക്കുന്നത്.

ആവശ്യമായ ചേരുവകൾ
ഉണക്കച്ചെമ്മീൻ, പടവലങ്ങ ചെറിയ കഷ്ണങ്ങളാക്കിയത്, പച്ചമുളക് കീറിയത്, തക്കാളി ചെറുതായി അരിഞ്ഞത്, വറ്റൽമുളക്, കടുക്, മഞ്ഞൾപ്പൊടി, കറിവേപ്പില, ചെറിയ ഉള്ളി, തേങ്ങ, വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം കുറച്ച് കറിവേപ്പില ചേർത്ത് ചെമ്മീൻ വറുത്തെടുക്കണം. ഇത് പൊടിച്ചെടുത്ത് മാറ്റിവയ്ക്കാം. പാനിൽ കുറച്ച് എണ്ണ ഒഴിച്ച് പടവലങ്ങ, തക്കാളി, പച്ചമുളക് എന്നിവ കുറച്ച് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കണം. പിന്നാലെ കുറച്ച് വെള്ളവും ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കണം. ഇതിലേയ്ക്ക് പൊടിച്ച ചെമ്മീൻ ചേർത്തിളക്കാം. ശേഷം തേങ്ങയും ചെറിയ ഉള്ളിയും കുഴമ്പ് പരുവത്തിൽ അരച്ചെടുക്കണം. ഇത് ചെമ്മീൻ കൂട്ടിലേയ്ക്ക് ചേർത്തുകൊടുക്കാം. അവസാനമായി കുറച്ച് കറിവേപ്പില വിതറികൊടുക്കാം. മറ്റൊരു പാനിൽ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും വറ്റൽമുളകും ചെറിയ ഉള്ളിയും ചേർത്ത് താളിച്ചെടുത്ത് മീൻകറിയിലേയ്ക്ക് ചേർത്തുകൊടുക്കാം.