
തെക്കൻ ജപ്പാനിലെ ഒരു നഴ്സിംഗ് ഹോം കുഞ്ഞുങ്ങളെ ജീവനക്കാരായി നിയമിക്കുന്നു. നാല് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെയാണ് നഴ്സിംഗ് ഹോമിലേക്കായി റിക്രൂട്ട് ചെയ്യുന്നത്. ഇവിടെയുള്ള പ്രായമുള്ള അന്തേവാസികളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്. കുഞ്ഞുങ്ങളുടെ പുഞ്ചിരിയിൽ പ്രായമായവർക്ക് ആശ്വാസം കണ്ടെത്താനാവും എന്നാണ് നഴ്സിംഗ് ഹോം കണക്കുകൂട്ടുന്നത്.
കുഞ്ഞുങ്ങളെ ജോലിക്ക് നിയോഗിക്കുന്നതിനായി കമ്പനി പുറത്തിറക്കിയ കരാറും കൗതുകകരമാണ്, തോന്നുമ്പോഴെല്ലാം ജോലിക്ക് ഹാജരായാൽ മതിയെന്നും, വിശക്കുമ്പോഴോ ഉറക്കം വരുമ്പോഴോ അല്ലെങ്കിൽ അവരുടെ മാനസികാവസ്ഥ അനുസരിച്ച് എപ്പോൾ വേണമെങ്കിലും വിശ്രമിക്കാമെന്നും കമ്പനി പറയുന്നു. ജോലി സമയത്ത് കുഞ്ഞുങ്ങൾക്ക് പാൽപ്പൊടിയും നാപ്കിനും കമ്പനി നൽകും. ഇതിനകം മുപ്പതോളം കുഞ്ഞുങ്ങൾ ജോലിക്കായി കരാർ ഒപ്പിട്ടു കഴിഞ്ഞു. തങ്ങളുടെ നഴ്സിംഗ് ഹോമിലെ നൂറോളം താമസക്കാർ കുഞ്ഞുങ്ങളെ കാണുമ്പോൾ സന്തോഷിക്കുന്നതായി നഴ്സിംഗ് ഹോം മേധാവി കിമി ഗോണ്ടോ പറയുന്നു.