adani

 ആസ്തി 13,740 കോടിഡോളർ

മുംബയ്: ലോകത്തെ ഏറ്റവും സമ്പന്നരിൽ ഗൗതം അദാനിക്ക് മുന്നിൽ ഇനിയുള്ളത് വെറും രണ്ടുപേർ. കഴിഞ്ഞ ഒരുവർഷത്തിനിടെ 6,090 കോടി ഡോളറിന്റെ വർദ്ധനയുമായി അദാനിയുടെ ആസ്‌തി കുതിച്ചുകയറിയത് 13,740 കോടി ഡോളറിലേക്ക് (10.93 ലക്ഷം കോടി രൂപ)​; ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വ പട്ടികയിലെ മൂന്നാംസ്ഥാനവും കൂടെപ്പോന്നു. ആദ്യ മൂന്നിൽ ഒരു ഏഷ്യക്കാരൻ എത്തുന്നത് ആദ്യം.

ഫ്രഞ്ച് ശതകോടീശ്വരനും പ്രമുഖ ഫാഷൻ ബ്രാൻഡായ എൽ.വി.എം.എച്ചിന്റെ ചെയർമാനുമായ ബെർണാഡ് അർണോയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് അദാനിയുടെ നേട്ടം.

ടെസ്‌ല,​ സ്‌പേസ് എക്‌സ് എന്നിവയുടെ സി.ഇ.ഒ എലോൺ മസ്‌കാണ് 25,​100 കോടി ഡോളർ (19.97 ലക്ഷം കോടി രൂപ)​ആസ്തിയുമായി ലോകത്തെ ഏറ്റവും സമ്പന്നൻ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് രണ്ടാമതാണ് (15,​300 കോടി ഡോളർ - 12.17 ലക്ഷം കോടി രൂപ)​.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 11-ാംസ്ഥാനത്താണ്; ആസ്‌തി 9,​190 കോടി ഡോളർ (7.31 ലക്ഷം കോടി രൂപ)​. ഫെബ്രുവരി​യി​ൽ മുകേഷ് അംബാനി​യെ മറി​കടന്ന് അദാനി​ ഏഷ്യയി​ലെ ഏറ്റവും വലി​യ സമ്പന്നനായി​ മാറി​യി​രുന്നു.

പട്ടികയിലെ മലയാളികളിൽ ഒന്നാമൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ്. 587 കോടി ഡോളർ (46,​716 കോടി രൂപ) ​ആസ്തിയുമായി 399-ാം സ്ഥാനത്താണ് അദ്ദേഹം.