rain

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അതിശക്തമായ മഴയാണ് ജില്ലയിൽ നഗരമേഖലകളിലടക്കം പെയ്‌തത്. കൊച്ചിനഗരത്തിൽ രൂക്ഷമായ വെള‌ളക്കെട്ടാണ് ഉണ്ടായത്.

വരുന്ന മൂന്ന് മണിക്കൂറിനകം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനകം കനത്ത മഴ മുന്നറിയിപ്പാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.