
തിരുവനന്തപുരം : നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് മന്ത്രി വീണാജോർജിന് സ്പീക്കർ എം.ബി. രാജേഷിന്റെ താക്കീത്. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ, പിപിഇ കിറ്റ് അഴിമതി എന്നീ പ്രശ്‌നങ്ങളിൽ മന്ത്രി നൽകിയ മറുപടികളിലാണ് സ്പീക്കറുടെ നടപടി. സഭയിലെ ചോദ്യങ്ങൾക്ക് ആവർത്തിച്ച് അവ്യക്തമായ മറുപടികൾ നൽകരുതെന്നും ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് സ്‌പീക്കർ നിർദ്ദേശം നൽകി.
എ.പി. അനിൽ കുമാർ എം.എൽ.എ നൽകിയ പരാതിയിലാണ് സ്പീക്കറുടെ നടപടി. പി.പി. ഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ആരോഗ്യമന്ത്രി നൽകാത്തതാണ് പരാതിക്ക് കാരണം. കൊവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടത്തിയ പി.പി.ഇ കിറ്റ് പർച്ചേഴ്‌സിൽ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഒരേ മറുപടിയാണ് നൽകിയത് എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. വിഷയത്തിൽ ആരോഗ്യമന്ത്രി മനഃപൂർവം മറുപടി ഒഴിവാക്കി വിവരം ലഭിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്ന് കാണിച്ചാണ് എ.പി. അനിൽ കുമാർ പരാതി നല്‍കിയത്.
അതേസമയം തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ ആരോഗ്യമന്ത്രിയുടെ വിശദീകരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തിയിരുന്നു. വാക്‌സിനുകളുടെ ഗുണനിലവാരം പരിശോധിക്കേണ്ട ആവശ്യമില്ലെന്നും പേ വിഷബാധ മരണങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിച്ച സമിതി രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട്ട് നൽകുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് സഭയിൽ നൽകിയ വിശദീകരണം.
വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ആവശ്യമില്ലെന്ന ആരോഗ്യമന്ത്രിയുടെ പരാമർശം എന്നാൽ മുഖ്യമന്ത്രി തിരുത്തി. മന്ത്രി പറഞ്ഞത് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായമാണ്. എന്നിരുന്നാലും മരണങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ആശങ്ക കണക്കിലെടുത്ത് വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് വാക്‌സിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇത് ആരോഗ്യ വകുപ്പ് നടപ്പാക്കുമെന്നും സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നടപടി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സ്വാഗതം ചെയ്‌തു.2025ഓടെ സംസ്ഥാനത്ത് ഒരു പേവിഷബാധാ മരണവുമുണ്ടാകരുതെന്ന യജ്ഞവുമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഇത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുമെന്നും മന്ത്രി സഭയെ അറിയിച്ചിരുന്നു. മെഡിക്കൽ സർവീസ് കോർപറേഷൻ വഴി വാക്‌സിനുകൾ ലഭ്യമാക്കുന്നതായും രണ്ട് തവണ ഇൻ ഹൗസ് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയതായാണ് ആരോഗ്യമന്ത്രി പറഞ്ഞത്. വാക്‌സിൻ സംഭരണത്തിലും വിതരണത്തിലും കൃത്യമായ മാനദണ്ഡം പാലിക്കുന്നുണ്ട്. 50,000 വയൽ വാക്‌സിൻ പിൻവലിച്ചെന്ന വാർത്ത ശരിയല്ലെന്നും പരാതി വന്നതോടെ പരിശോധനയ്‌ക്കയച്ച് പ്രശ്‌നമില്ലെന്ന് കണ്ടെത്തിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.