
ആലപ്പുഴ: ആലപ്പുഴ IB യും, മാവേലിക്കര എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 21 കിലോ കഞ്ചാവ് പിടികൂടി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശികളായ താജു (30), വിനീത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇക്രു എന്നും പക്രു എന്നും ഓമനപ്പേരിൽ അറിയപ്പെടുന്ന എൻജിനീയറിങ് ബിരുദധാരികളായ ഇവർ ലഹരി പാർട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ AEC ശ്രീ. T അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയിഡ്.
മാവേലിക്കര - ചെങ്ങന്നൂർ കേന്ദ്രികരിച്ചുള്ള ലഹരി വില്പന മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. അന്തർസംസ്ഥാന ബന്ധമുള്ള ഇവർ ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ചാണ് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്നത്. മയക്കുമരുന്ന് വില്പനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിച്ച് വരികെയായിരുന്നു പ്രതികൾ. ഇവരുടെ വിതരണ ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചു ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപക്ക് മുകളിൽ വിൽപന നടത്താവുന്ന കഞ്ചാവാണ് പിടികൂടിയത്. സ്കൂൾ, കോളേജ് കുട്ടികൾക്കും, യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്താറുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
റെയ്‌ഡിൽ IB എക്സൈസ് ഇൻസ്പക്ടർ G. ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായ ഐ. ഷിഹാബ്, ജി ഗോപകുമാർ, ജി.അലക്സാണ്ടർ, എം.അബ്ദുൽ ഷുക്കൂർ എന്നിവരെ കൂടാതെ മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.സജു, പ്രിവന്റീവ് ഓഫീസർ വി ബെന്നി മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഷിബു, പ്രതീഷ് .പി.നായർ, വി.അരുൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്ണൻ എന്നിവരും പങ്കെടുത്തു.