
ന്യൂഡൽഹി : ബംഗളുരുവിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷം നടത്താമെന്ന കർണാടക ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. രണ്ടു ദിവസത്തേക്ക് തത്സ്ഥിതി തുടരണമെന്നും പരിപാടിക്ക് അനുമതിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൂജ മറ്റൊരിടത്ത് നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ബംഗളുരു ചാമരാജ് പേട്ടയിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷത്തിന് അനുമതി നൽകിയ കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് വഖഫ് ബോർഡ് ഹർജി നൽകിയത്. ഹർജി സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് അടിയന്തരമായി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വാദം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന് വിട്ടത്. വഖഫ് ബോർഡിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
അതേസമയം, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബെംഗളൂരു ചാമരാജ്‌പേട്ടിലെ ഈദ്ഗാ മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്