news

കുറ്റ്യാടി: ബിഹാറിലെ പാ‌‌ട്നയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റെയിൽവേ ജീവനക്കാരിയും ബാസ്കറ്റ് ബാൾ താരവുമായ ലിതാരയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ രണ്ടു പേർ മാതാവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. പാതിരിപറ്റ കത്തിയണപ്പൻ ചാലിൽ ലിതാരയുടെ അമ്മ ലളിതയെ വീട്ടിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വെള്ളം വേണമെന്ന് ഹിന്ദിയിൽ ചോദിച്ച് രണ്ടുപേർ എത്തിയത്. ലിതാരയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്നും ലിതാരയുടെ തിരിച്ചറിയർ കാർഡ് വേണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് പരതി. അവർ കാണിച്ച മുദ്രപ്പത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിലൂടെ ഒപ്പിടീക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറിയ ലളിത ബഹളം വച്ചതോടെ ഇരുവരും ഓടി രക്ഷപെട്ടു. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പാന്റ്സും ഷർട്ടുമായിരുന്നു വേഷം. ലിതാര മലയാളത്തിൽ എഴുതിയ ഡയറിയും അമ്മയെ കാണിച്ചു. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഏപ്രിൽ 26നാണ് ലിതാരയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ കോച്ച് രവി സിംഗിനെതിരെ ബീഹാർ പൊലീസ് കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. രവി സിംഗിന്റെ മാനസിക പീഡനത്തെ തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി.