
അക്ര : ഘാനയിലെ അക്ര മൃഗശാലയിൽ കൂട്ടിലേക്ക് അതിക്രമിച്ച് കയറിയ ആളെ കടിച്ച് കൊന്ന് സിംഹം. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. സിംഹങ്ങളെ പാർപ്പിച്ചിരുന്ന ഉയരമുള്ള വേലിക്കെട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് മദ്ധ്യ വയസ്കൻ ചാടിക്കടക്കുകയായിരുന്നു. രണ്ട് സിംഹകുട്ടികൾ ഉൾപ്പെടെ അപൂർവയിനത്തിൽപ്പെട്ട നാല് വെള്ള സിംഹങ്ങൾ കൂട്ടിലുണ്ടായിരുന്നു. സിംഹങ്ങളിൽ ഒരെണ്ണമാണ് ഇയാളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ അധികൃതർ കൂട്ടിന് പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിംഹക്കുട്ടികളെ മോഷ്ടിക്കാനാണോ ഇയാൾ കൂട്ടിനകത്ത് കയറിയതെന്ന് സംശയമുണ്ട്. സംഭവത്തിന് പിന്നാലെ മൃഗശാല താത്കാലികമായി അടച്ചിരുന്നു. ഗ്ലോബൽ വൈറ്റ് ലയൺ പ്രൊട്ടക്ഷന്റെ കണക്ക് പ്രകാരം ഏകദേശം ഒരു ഡസനോളം വെള്ള സിംഹങ്ങൾ മാത്രമാണ് വനത്തിൽ ജീവിക്കുന്നത്.