pt-usha

കോഴിക്കോട്: പോയ കാലത്ത് തനിക്ക് ലഭിച്ച ആദരവും അവഹേളനവും എണ്ണിപ്പറഞ്ഞ് പി.ടി.ഉഷ എം.പി. കോഴിക്കോട്ട് പൗരസ്വീകരണത്തിലായിരുന്നു ഉഷയുടെ തുറന്നുപറച്ചിൽ.പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് എം.പി സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത് വലിയ ആദരവാണെന്ന് ഉഷ പറഞ്ഞു.

1985ൽ ജക്കാർത്ത ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ അഞ്ച് സ്വർണം നേടിയപ്പോൾ മാനാഞ്ചിറ മൈതാനത്ത് മികച്ച സ്വീകരണമാണ് കോഴിക്കോട്ടുകാർ നൽകിയത്. 86ലും 87ലും സ്വീകരണം ആവർത്തിച്ചു. നിരവധി തവണ ആദരവും സ്നേഹവും നൽകി. അത്രയും തവണ അറിയാത്ത കാര്യങ്ങൾക്ക് ക്രൂശിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 86ൽ സോൾ ഏഷ്യാഡിൽ നാല് സ്വർണവുമായി ചരിത്ര നേട്ടം കുറിച്ചപ്പോൾ ഒരു പരസ്യ ചിത്രം എടുത്തിരുന്നു. അതിൽ പ്രതിഷേധിച്ച് കോഴിക്കോട് ലോ കോളേജിലെ വിദ്യാർത്ഥികൾ ആഭാസകരമായ ഘോഷയാത്ര നടത്തി. പിൽക്കാലത്ത് നിരവധി താരങ്ങൾക്ക് സാമ്പത്തിക സ്രോതസായി മാറിയത് ഇത്തരം പരസ്യ ചിത്രങ്ങളാണ്. 88ൽ പരിക്ക് കാരണം മികച്ച പ്രകടനം സാധിക്കാതിരുന്നപ്പോൾ നമ്പ്യാർ സാറിനെയും തന്നെയും ചെളിവാരി എറിഞ്ഞു. വീടിന് കല്ലെറിഞ്ഞും കാറിൽ നിന്ന് ബലമായി പിടിച്ചിറക്കിയും അപമാനിച്ചു. 89ൽ നാല് സ്വർണവും രണ്ട് വെള്ളിയുമായി തിരിച്ചു വന്നപ്പോൾ സ്വീകരണം നൽകി. ഉഷ സ്കൂളിലെ കുട്ടികൾ കായിക മേളയിൽ മത്സരിച്ചപ്പോൾ സമരം നടത്തിയതും മറക്കാറായില്ല. താൻ പങ്കാളിയാകാത്ത ഒരു തീരുമാനത്തിന്റെ പേരിൽ ഒരു കുട്ടിക്ക് അവസരം നഷ്ടമായപ്പോൾ ക്രൂശിച്ചത് കോഴിക്കോട്ടെ ദൃശ്യ നവ മാദ്ധ്യമങ്ങളായിരുന്നു. ഒന്നിലധികം മെഡലുകൾ രാജ്യാന്തര തലത്തിൽ നേടിയ കായികതാരങ്ങൾക്ക് സ്വന്തം നാട്ടിൽ വീട് നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകുന്ന പദ്ധതി പ്രകാരം കോഴിക്കോട് സ്ഥലം ലഭിച്ചപ്പോൾ അതിനെതിരെ അസത്യ പ്രചരണങ്ങൾ നടത്തി. ഈ സ്ഥലം ഇതുവരെ തന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. എന്നാൽ തന്റെ നേട്ടങ്ങൾ സ്വന്തം നേട്ടമായി കരുതുന്ന കോഴിക്കോട്ടുകാരോട് വലിയ സ്നേഹമുണ്ടെന്നും ഉഷ പറഞ്ഞു.

പരിശീലകൻ ഒ.എം. നമ്പ്യാരെ അനുസ്മരിച്ചാണ് ഉഷ പ്രസംഗം ആരംഭിച്ചത്.