
ബംഗ്ളാദേശിനെയും തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിൽ
ഷാർജ : ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിലെത്തി.ആദ്യ മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ചിരുന്ന അഫ്ഗാൻ ഇന്നലെ ബംഗ്ളാദേശിനെ ഏഴുവിക്കറ്റിനാണ് കീഴടക്കിയത്.
ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. അഫ്ഗാൻ ഒൻപത് പന്തുകളും മൂന്ന് വിക്കറ്റുകളും ശേഷിക്കേ ലക്ഷ്യത്തിലെത്തി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിൻ ദ്വയം മുജീബ് ഉർ റഹ്മാനും റാഷിദ് ഖാനും ചേർന്നാണ് ബംഗ്ളാദേശിന്റെ മുൻനിരയെയും വിരട്ടിക്കളഞ്ഞത്. 28 റൺസെടുക്കുന്നതിനിടെ നാലു മുൻനിരവിക്കറ്റുകളാണ് ബംഗ്ളാദേശിന് നഷ്ടമായത്. മുഹമ്മദ് നയീം(6),അനാമൽ ഹഖ് (5), ഷാക്കിബ് അൽഹസൻ (11) എന്നിവരെ മുജീബ് പുറത്താക്കിയപ്പോൾ മുഷ്ഫിഖുർ റഹിം(1), മഹ്മൂദുള്ള (25), അഫീഫ് ഹസൻ (12) എന്നിവരെ റാഷിദ് മടക്കി അയക്കുകയായിരുന്നു. മഹ്ദി ഹസൻ(14) റൺഒൗട്ടായി.31 പന്തിൽ പുറത്താകാതെ 48 റൺസ് നേടിയ മൊസാദെക്ക് ഹൊസൈനാണ് ബംഗ്ളാദേശിനെ 100 കടത്തിയത്.
മറുപടിക്കിറങ്ങിയ അഫ്ഗാനുവേണ്ടി പുറത്താകാതെ 43 റൺസടിച്ച നജീബുള്ള സദ്രാനും 42 റൺസടിച്ച ഇബ്രാഹിം സദ്രാനും ചേർന്നാണ് വിജയമൊരുക്കിയത്.