kk

തൃശൂർ : ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലയവരിൽ ഇൻസ്റ്റഗ്രാം താരങ്ങളായ ദമ്പതികളും. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചായിരുന്നു ആറംഗ സംഘം തട്ടിപ്പിന് കളമൊരുക്കിയത്. കൊല്ലം സ്വദേശി ദേവു,​ ഭർത്താവ് ഗോകുൽ ദ്വീപ്,​ പാലാ സ്വദേശി ശരത്,​ ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു,​ അജിത്ത്,​ വിജയ് എന്നിവരാണ് അറസ്റ്റിലായത്.

ദേവുവിനെ മുൻനിറുത്തി ശരതാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.ഫേസ്‌ബുക്കിലൂടെ സൗഹൃദം നടിച്ച് ആളുകളെ ആകർഷിക്കുന്ന സംഘം വ്യാജ അക്കൗണ്ടും ഐഡിയുമാണ് ഉപയോഗിച്ചിരുന്നത്. ദേവുവിന്റെ ഫോട്ടോ ഉപയോഗിച്ച് മെസഞ്ചറിൽ ആളുകൾക്ക് സന്ദേശമയക്കും. മറുപടി ലഭിക്കുന്നവർക്ക് യുവതിയെക്കൊണ്ട് തുടർച്ചയായി സന്ദേശം അയപ്പിക്കും. ഇങ്ങനെ വീഴുന്നവരെ ഹണിട്രാപ്പിൽ പെടുത്തുകയാണ് സംഘം ചെയ്യുന്നത്.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചർ വഴി പരിചയപ്പെട്ടപ്പോൾ പാലക്കാട് ആണെന്നാണ് യുവതി പറഞ്ഞിരുന്നത്. തുടർന്ന് തട്ടിപ്പ് നടത്താനായി മാത്രം സംഘം 11 മാസത്തേക്ക് പാലക്കാട് യാക്കരയിൽ സംഗം വാടകയ്ക്ക് വീടെടുത്തു. വ്യവസായിയെ പാലക്കാട്ടെ വീട്ടിലേക്ക് ദേവു വിളിച്ചു വരുത്തുകയായിരുന്നു. ഭർത്താവ് വിദേശത്താണെന്നാണ് പറഞ്ഞിരുന്നത്. വൈകിട്ട് വീട്ടിലെത്തിയ വ്യവസായിയെ വീട്ടിലുണ്ടായിരുന്ന മറ്റു പ്രതികൾ പിടികൂടി മാല,​ ഫോൺ,​ പണം,​ എ.ടി.എം കാർഡ്,​ വാഹനം എന്നിവ കൈക്കലാക്കുകയായിരുന്നു. പിന്നാലെ വീഡിയോ ചിത്രീകരിച്ച് കൂടുതൽ പണം തട്ടാനായി കൊടങ്ങല്ലൂരിലെ വസതിയിലേക്ക് വ്യവസായിയുമായി യാത്ര തിരിച്ചു. വഴിയിൽ വച്ച് വ്യവസായി മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഇവർ വാഹനം നിറുത്തി. ഈ സമയം തന്ത്രപൂർവ്വം വ്യവസായി ഇറങ്ങി ഓടി. പ്രശ്നം കൈവിട്ടുപോയെന്ന് മനസിവായ പ്രതികൾ ഒത്തീതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല.. പാലക്കാട്ടെത്തി ടൗൺ പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് പ്രതികളെ കാലടിയിലെ ലോഡ്‌ജിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.