kk

തിരുവനന്തപുരം : കൃഷിവകുപ്പിന്റെ വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായി ഓണവിപണി യോടനുബന്ധിച്ച് സെപ്റ്റംബർ 1മുതൽ 7 വരെ എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പിന്റെ മൊബൈൽ യൂണിറ്റുകൾ വഴി പഴം -പച്ചക്കറികൾ വിതരണം നടത്തും. ഏകീകൃത ഡിസൈനിലുള്ള മൊബൈൽ യൂണിറ്റുകൾ ജില്ലകളിലെ എല്ലാ നിയോജക മണ്ഡലങ്ങളും കവർ ചെയ്യുന്ന തരത്തിൽ ഒരാഴ്ച പ്രവർത്തിക്കുന്നതായിരിക്കും.

സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ വഴി പഴം പച്ചക്കറികളും കർഷക കൂട്ടായ്മകൾ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളും ഹോർട്ടികോർപ്പിന്റെ തേൻ, തേൻ ഉത്പന്നങ്ങൾ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളായ കേരജം വെളിച്ചെണ്ണ, മറയൂർ ശർക്കര, കേര ഉൽപ്പന്നങ്ങൾ, കുട്ടനാടൻ അരി, കൊടുമൺ അരി എന്നിങ്ങനെ ഓണക്കാലത്ത് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കുന്നതാണ്. സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 4 ന് നിയമസഭാ സമുച്ചയത്തിനു മുന്നിൽ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും. വി കെ പ്രശാന്ത് എം.എൽ.എ ആദ്യവില്പന നടത്തും. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ എസ് വേണുഗോപാൽ, ഡെപ്യൂട്ടി മേയർ പി കെ രാജു, ഹോർട്ടികോർപ്പ് എംഡി ജെ സജീവ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.