
ബംഗളൂരു: ധാർവാറിലെ ഹുബ്ബള്ളി ഇൗദ്ഗാഹ് മൈതാനിയിൽ ഗണേശ ആഘോഷങ്ങൾ അനുവദിക്കരുതെന്ന ഹർജി കർണ്ണാടക ഹൈക്കോടതി തള്ളി. ധാർവാർ മുനിസിപ്പൽ അധികൃതരാണ് ഹുബ്ബള്ളി ഇൗദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകിയത്. ഇന്നലെ രാത്രി പത്ത്മണിയോടെ കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് എസ്. കിനാഗിയുടെ ചേമ്പറിലാണ് വാദം കേട്ടത്. അഞ്ജുമാൻ ഇ ഇസ്ളാം എന്നയാളാണ് ഹർജി നൽകിയത്. ഉടമസ്ഥാവകാശം തർക്കത്തിലുള്ള ഇൗ സ്ഥലം റംസാൻ, ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് സമൂഹ പ്രാർത്ഥനയ്ക്കായി മുനിസിപ്പാലിറ്റിയിൽ നിന്ന് വാടകയ്ക്കെടുത്തയാളാണ് ഹർജിക്കാരനെന്നും 1991 ലെ ആരാധനാലയങ്ങളുടെ നിയമം ഇൗ ഭൂമിക്ക് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.