train

കൊച്ചി: എറണാകുളത്ത് റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായില്ല. കായംകുളത്തുനിന്ന് രാവിലെ 8.50 ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചർ റദ്ദാക്കി. ഏറനാട്, രപ്തിസാഗർ, ബിലാസ്‌പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും.

നാഗർകോവിൽ നിന്നും ഇന്ന് രണ്ട് മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് ഒരു മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. ഇന്ന് രാവിലെ 6.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ആറ് മണിക്കൂർ 10 മിനിറ്റ് വൈകും.

രാവിലെ എട്ടരയ്ക്ക് എറണാകുളത്തുനിന്ന് ബിലാസ്‌പുരിലേക്ക് പോകേണ്ട സൂപ്പർഫാസ്റ്റ് 11.15നായിരിക്കും പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു. എറണാകുളത്ത് ഇന്നലെ കനത്ത മഴയായിരുന്നു. എം.ജി റോഡ് അടക്കമുള്ള പ്രധാന റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.നിരവധി വീടുകളിൽ വെള്ളം കയറി.