king-cobra

കോട്ടയം: ആർപ്പൂക്കര സ്വദേശി സുജിത്ത് കുടുംബത്തോടൊപ്പമടക്കം യാത്രകൾ നടത്തിയത് സ്വന്തം കാറിൽ കൊടിയ വിഷമുള്ള രാജവെമ്പാല ഒളിച്ചിരിക്കുന്നുണ്ടെന്നറിയാതെ. നിലമ്പൂർ കാട്ടിൽ നിന്ന് കയറിക്കൂടിയ 'അതിഥി' ഒരു മാസത്തോളം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കാറിനുള്ളിൽ കഴിഞ്ഞുകൂടികയായിരുന്നു.

ഒരു മാസം മുൻപാണ് സുജിത്തും സുഹൃത്തുക്കളും ജോലിയുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ പോയത്. കാടിനോട് ചേർന്നുകിടക്കുന്ന പ്രദേശത്തായിരുന്നു ജോലി. പണികഴിഞ്ഞ് തിരിച്ചുവരാനൊരുങ്ങുമ്പോൾ കാറിന്റെ പരിസരത്തായി രാജവെമ്പാലയെ കണ്ടിരുന്നു. പിന്നീട് ഇതിനെ കാണാതാവുകയും ചെയ്തു. പാമ്പ് കാറിൽ കയറിക്കൂടിയിട്ടുണ്ടോ എന്നറിയാൻ നന്നായി പരിശോധിച്ച ശേഷമായിരുന്നു തിരിച്ചത്.

ഒരാഴ്ച മുൻപ് കാ‌ർ കഴുകുന്നതിനിടെ പാമ്പിന്റെ പടം കാറിനുള്ളിൽ കിടക്കുന്നത് സുജിത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പാമ്പ് കാറിൽതന്നെയുണ്ടെന്ന് മനസിലാക്കിയ സുജിത്ത് വാവ സുരേഷിന്റെ സഹായം തേടി. തുടർന്ന് വാവ എത്തുകയും പരിശോധനയിൽ സമീപത്ത് കണ്ട പാമ്പിന്റെ കാഷ്ടം ഒരു മണിക്കൂർ മുൻപുള്ളതാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനാകാതെ വന്നതോടെ വാവ മടങ്ങി.

ഒടുവിൽ സമീപത്തെ വീട്ടിൽ ചകിരിയും മറ്റും കൂട്ടിയിട്ടിരിക്കുന്നയിടത്ത് പാമ്പിന്റെ വാൽ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ വലയിട്ട് മൂടുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ വനംവകുപ്പിലെ പാമ്പ് പിടിത്തക്കാരനായ അബീഷ് എത്തി പാമ്പിനെ പിടികൂടിയതോടെയാണ് സുജിത്തിന്റെയും നാട്ടുകാരുടെയും ശ്വാസം നേരെവീണത്.