
കൊളംബോ: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയും മാലദ്വീപ് സ്വദേശിനിയുമായ ഫൗസിയ ഹസൻ (80) അന്തരിച്ചു. ശ്രീലങ്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇവർ ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. 35 വർഷത്തിലേറെയായി മാലദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു ഫൗസിയ. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസം അനുഭവിച്ച ഇവർ പിന്നീട് കുറ്റവിമുക്തയായി.
1942 ജനുവരി എട്ടിനാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിംഗ് ഓഫീസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.