gokul

പാലക്കാട്: ആർഭാട ജീവിതം തുടരാൻ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കും. കേസിൽ അറസ്റ്റിലായ ദേവു - ഗോകുൽ ദീപ് ദമ്പതികൾക്ക് ഇൻസ്റ്റഗ്രാമിൽ അറുപതിനായിരത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.

'ഫിനിക്സ് കപ്പിൾസ്' എന്ന പേരിലായിരുന്നു സോഷ്യൽ മീഡിയയിൽ ദമ്പതികൾ അറിയപ്പെട്ടിരുന്നത്. ഭർത്താവിന്റെ ഐശ്വര്യത്തിനായി സീമന്തരേഖയിൽ ധാരാളം സിന്ദൂരം തൊടുന്ന 'ഉത്തമയായ ഭാര്യ' എന്ന നിലയിലാണ് ഒരു വിഭാഗം ആളുകൾക്ക് ദേവു പ്രിയങ്കരിയായത്. 'എന്റെ താലി എനിക്ക് ജീവനേക്കാൾ വലുതാണ്, അത് തന്നവനും' എന്ന് പറഞ്ഞുകൊണ്ട് ദേവു മുമ്പ് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ യുവതിയോടുള്ള പലരുടെയും പ്രിയം കൂടുകയും ചെയ്തു.

ദമ്പതികൾ പങ്കുവയ്ക്കുന്ന റീൽസിൽ കൂടുതലും യാത്രകളും ഇവരുടെ ആഡംബര ജീവിതവുമായിരുന്നു. ആഡംബര ജീവിതത്തിനായി ഇവർ തേൻകെണിയിൽപ്പെടുത്തിയവരിൽ ഭൂരിഭാഗം പേരും ഇരുപത്തിയഞ്ച് വയസിൽ താഴെയുള്ളവരാണ്. ഇരയെ മറ്റ് പ്രതികൾ പറയുന്ന സ്ഥലത്തെത്തിച്ചാൽ നാൽപ്പതിനായിരം രൂപയാണ് ദമ്പതികൾക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.

ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വെറും പതിനാല് ദിവസംകൊണ്ടാണ് ഇവർ വലയിലാക്കിയത്. വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി യാക്കരയിൽ മുപ്പതിനായിരം രൂപ മാസ വാടകയിൽ വീട് വാടകയ്‌ക്കെടുത്തിരുന്നു.