
അഹമ്മദാബാദ് : വ്യാജരേഖകൾ ഉപയോഗിച്ച് അമേരിക്കയിലേക്ക് കടക്കാൻ പദ്ധതിയിട്ട ദമ്പതികൾ പിടിയിൽ. ഗുജറാത്ത് സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥയും ഭർത്താവുമാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. എങ്ങനെയെങ്കിലും അമേരിക്കയിലേക്ക് കടക്കണമെന്ന ദമ്പതികളായ ഹിതേഷിന്റേയും ബിനാൽ പട്ടേലിന്റേയും ആഗ്രഹമാണ് ഇവരെ ജയിലിലാക്കിയത്.
ഹിതേഷിന്റെ സഹോദരിയും ഭർത്താവും അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. ഇവർ ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനാൽ എങ്ങനെയും അമേരിക്കയിൽ പോകാൻ ഏറെ നാളായി തയ്യാറെടുക്കുകയായിരുന്നു ഹിതേഷും ബിനാലും. നാല് വർഷം മുമ്പ് വ്യാജ പാസ്‌പോർട്ടിൽ അമേരിക്കയിൽ എത്താൻ ദമ്പതികൾ ശ്രമിച്ചിരുന്നു എന്നാൽ അന്ന് അയർലണ്ടിൽ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. ഈ വിവരങ്ങൾ പാസ്‌പോർട്ടിൽ നിന്നും നീക്കം ചെയ്താണ് ദമ്പതികൾ ഇപ്പോൾ വീണ്ടും അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയത്. ഒരു കോടി രൂപ മനുഷ്യക്കടത്ത് സംഘത്തിന് നൽകിയാണ് ഇവർ വീണ്ടും വ്യാജപാസ്‌പോർട്ട് സംഘടിപ്പിച്ച് യാത്രയ്ക്ക് ഒരുങ്ങിയത്. പ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായ ബിനാലിന്റെ ജോലി കളഞ്ഞിട്ടാണ് ഇവർ അമേരിക്കൻ മോഹത്തിന് പിന്നാലെ കൂടിയത്.
അഹമ്മദാബാദിൽ നിന്നും ദുബായ് വഴി അമേരിക്കയിലേക്ക് കടക്കാനാണ് ഇവർ പദ്ധതിയിട്ടത്. വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ഞായറാഴ്ച വൈകി യാത്രയ്‌ക്കെത്തിയ ദമ്പതികളെ ഇമിഗ്രേഷൻ ഓഫീസർ പിടികൂടുകയായിരുന്നു. പാസ്‌പോർട്ടിൽ നിന്ന് സ്റ്റാമ്പുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായിരുന്നു ദമ്പതികൾക്ക് തിരിച്ചടിയായത്.