
ഗുവാഹത്തി: ബൊംഗൈഗാവ് ജില്ലയിൽ ഭീകര സംഘടനയായ അൽഖ്വയ്ദയുമായി ബന്ധമുള്ള മദ്രസ ആസാം സർക്കാർ ബുധനാഴ്ച തകർത്തു. തീവ്രവാദ ബന്ധം ആരോപിച്ച് ഈ മാസം പൊളിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ മദ്രസയാണിത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
എട്ട് ബുൾഡോസറുകൾ ഉപയോഗിച്ചാണ് ജില്ലാ ഭരണകൂടം ഇരുനില കെട്ടിടം പൊളിച്ചുമാറ്റിയത്. അൽ ഖ്വയ്ദയുമായി ബന്ധമുള്ള അദ്ധ്യാപകൻ ഇവിടെ ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു. മുഫ്തി ഹഫിസുർ റഹ്മാനെന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിച്ചത്. ഇതിന് മുന്നോടിയായി മദ്രസയിൽ പൊലീസ് റെയിഡ് നടത്തി. റെയിഡിൽ സംശയകരമായി ലഘുലേഖകൾ കണ്ടെടുത്തു. 2018ലാണ് മുഫ്തി ഹാഫിസുർ റഹ്മാൻ മദ്രസയിൽ അദ്ധ്യാപകനായി ചേർന്നത്. എന്നാൽ മദ്രസയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ രേഖകളില്ലാത്തതിനാലാണ് പൊളിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി. പൊളിക്കുന്നതിന് മുൻപേ മദ്രസയിൽ താമസിച്ചിരുന്ന ഇരുന്നൂറോളം വിദ്യാർത്ഥികളെ ജില്ലാ അധികൃതർ ഒഴിപ്പിച്ചിരുന്നു.