chinook-helicopters

വാഷിംഗ്ടൺ : അമേരിക്കൻ വ്യോമസേനയുടെ കുന്തമുനയെന്ന വിശേഷണമുള്ള ചിനൂക്ക് ഹെവി ലിഫ്റ്റിംഗ് ഹെലികോപ്ടറുകളെ താത്കാലികമായി വിലക്കി അമേരിക്ക. 1960 മുതൽ അമേരിക്കൻ വ്യോമസേനയുടെ കരുത്തിന്റെ ഭാഗമായ ഇരട്ട പങ്കായമുള്ള കരുത്തൻ ഹെലികോപ്ടറുകളെ നിരന്തരം അപകടമുണ്ടാക്കുന്നതിനാലാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഇന്ധന ചോർച്ചമുതൽ എഞ്ചിൻ തീപിടത്തം അടക്കമുള്ള അപകടങ്ങളെ തുടർന്നാണ് ഈ നടപടി. അപകടങ്ങളിൽ ജീവഹാനി ഉണ്ടായില്ലെങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് ഈ നടപടി. നാനൂറോളം ചിനൂക്കുകൾ അമേരിക്കൻ വ്യോമസേനയിൽ ഉണ്ടെന്നാണ് കരുതുന്നത്.

ചിനൂക്ക് ഹെലികോപ്ടറുകളിൽ എഞ്ചിൻ തീപിടുത്തത്തിന് കാരണമായ ഇന്ധന ചോർച്ചയുടെ മൂലകാരണം കണ്ടെത്തിയെന്നും, ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ നടപടി സ്വീകരിച്ചതെന്നും ഔദ്യോഗികമായി അമേരിക്കൻ സൈന്യം വിശദീകരണം നൽകി. ഹെവിലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളായ ചിനൂക്കിനെ അധികനാൾ അകറ്റി നിർത്താൻ അമേരിക്കൻ സേനയ്ക്ക് കഴിയില്ല. ആറ് പതിറ്റാണ്ടായി സൈന്യത്തിന്റെ കുന്തമുനയാണ് ഈ കരുത്തൻ. എയ്‌റോസ്‌പേസ് കമ്പനിയായ ബോയിംഗാണ് ചിനൂക്ക് നിർമ്മിച്ചിരിക്കുന്നത്.

സൈനികർ, പീരങ്കികൾ, ഉപകരണങ്ങൾ, ഇന്ധനം എന്നിവ അതിവേഗം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുവാനാണ് ചിനൂക്ക് ഉപയോഗിക്കുന്നത്. 22 രാജ്യങ്ങളിൽ ചിനൂക്ക് ഇപ്പോഴും സേവനം നടത്തുന്നുണ്ട്. ഇന്ത്യൻ സൈന്യവും ചിനൂക്ക് ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നുണ്ട്. 15 ചിനൂക്ക് ഹെലികോപ്ടറുകളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. ലഡാക്ക്, സിയാച്ചിൻ മേഖലകളിൽ ഉയരങ്ങളിലേക്ക് സൈനികർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുവാനും, ടാങ്ക്, പീരങ്കി തുടങ്ങിയ ഭാരമേറിയ ആയുധങ്ങൾ എത്തിക്കുവാനും ചിനൂക്ക് ഉപയോഗിക്കുന്നുണ്ട്. എയർലിഫ്റ്റ് ഓപ്പറേഷനുകൾക്കുള്ള പ്രധാന സൈനിക ഉപകരണങ്ങളിൽ ചിനൂക്ക് ഇതിനകം മാറിയിട്ടുണ്ട്. ചിനൂക്കിന്റെ കരുത്തിൽ ആകൃഷ്ടമായി കൂടുതൽ ഹെലികോപ്ടറുകൾ വാങ്ങണമെന്ന ശുപാർശയും വ്യോമസേന സർക്കാരിന് മുൻപിൽ അടുത്തിടെ വച്ചിരുന്നു. 2019 ഫെബ്രുവരിയിലാണ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യക്ക് ലഭിച്ചത്.