modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹാരചെലവുകൾക്കായി സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് പണം എടുക്കുന്നതെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തുവന്ന വിവരാവകാശനിയമപ്രകാരമുള്ള റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വന്തം ആഹാരചെലവുകൾ വഹിക്കുന്നത് മോദി തന്നെയാണെന്നും സർക്കാരിന്റെ ഖജനാവിൽ നിന്നും ഇതിനായി പണം ഈടാക്കാറില്ലെന്നുമാണ് ആർടിഐ വ്യക്തമാക്കുന്നത്. ആർടിഐ വഴിയുള്ള ചോദ്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിക്കുകയായിരുന്നു. പി എം ഒ സെക്രട്ടറി ബിനോദ് ബിഹാരി സിംഗ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിയായ പി എം ആവാസ് സംരക്ഷിക്കുന്നത് കേന്ദ്ര പൊതുമരാമത്ത് വകുപ്പും വാഹനങ്ങളുടെ സംരക്ഷണചുമതലയുള്ളത് പ്രത്യേക സുരക്ഷാ സംഘത്തിനുമാണ്. (എസ് പി ജി). പ്രധാനമന്ത്രിയുടെ ശമ്പളം സംബന്ധിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ചട്ടങ്ങൾ വ്യക്തമാക്കി കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

രണ്ട് ലക്ഷം രൂപയാണ് മോദിയുടെ ശമ്പളമെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലഭിക്കുന്ന ശമ്പളത്തിൽ ഭൂരിഭാഗവും ബാങ്കുകളിൽ സേവിംഗ്‌സ് അക്കൗണ്ടുകളായും സ്ഥിര നിക്ഷേപങ്ങളായുമാണ് മോദി സൂക്ഷിക്കുന്നത്. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, ലൈഫ് ഇൻഷുറൻസ് പോളിസികൾ, എൽ ടി ഇൻഫ്രാസ്‌ച്രക്ചർ ബോണ്ട് എന്നിവയിലാണ് അദ്ദേഹത്തിന് നിക്ഷേപമുള്ളത്. പ്രധാനമന്ത്രിയായതിന് ശേഷം മോദി ഇതുവരെയും സ്ഥലങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടില്ല. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 3.07 കോടി രൂപയാണ് മോദിയുടെ സമ്പാദ്യത്തിന്റെ മൂല്യം.