pakistan-

ഇസ്ലാമാബാദ് : റഷ്യ യുക്രെയിൻ യുദ്ധം മാസങ്ങൾ കഴിഞ്ഞും തുടരവേ യുദ്ധത്തിൽ പാകിസ്ഥാൻ രഹസ്യമായി പങ്കെടുക്കുന്നു എന്ന വിവരങ്ങൾ പുറത്ത്. സാമ്പത്തിക തകർച്ചയിൽ നടുവൊടിഞ്ഞ് നിൽക്കുന്ന പാകിസ്ഥാൻ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് യുക്രെയിനെ സഹായിക്കാൻ ഇറങ്ങിയത്. റഷ്യയ്‌ക്കെതിരായ ചെറുത്ത് നിൽപ്പിൽ യുക്രെയിൻ സൈന്യത്തിന് ആവശ്യമായ പീരങ്കിപടയ്ക്ക് വേണ്ട ആയുധങ്ങളും, വെടിക്കോപ്പുകളും പാകിസ്ഥാൻ നിർമ്മിച്ചു നൽകുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിന് പിന്നാലെ പാക് വ്യോമ പാത പാശ്ചാത്യ ശക്തികൾ യുക്രെയിൽ ആയുധങ്ങളെത്തിക്കുവാൻ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. റഷ്യയ്ക്ക് സംശയത്തിന് ഇടവരുത്താതെ സുരക്ഷിതമായി ആയുധങ്ങൾ എത്തിക്കുന്നതിനാണ് ഈ പാത തിരഞ്ഞെടുത്തത്. മെഡിറ്ററേനിയനിലെ ബ്രിട്ടീഷ് എയർ ബേസ് വഴി റൊമാനിയയിലെ അവ്റാം ഇയാൻകു ക്ലൂജ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സൈനിക വിമാനങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങൾ ഉപയോഗിച്ചിരുന്ന എയർ ബ്രിഡ്ജിന്റെ ഭാഗമായിരുന്നു റാവൽപിണ്ടിയിലെ നൂർ ഖാൻ എയർ ബേസ് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വ അടുത്തിടെ നടത്തിയ ഔദ്യോഗിക വിദേശ യാത്രകളുടെ ഭാഗമായി യുകെ സന്ദർശിച്ചത് ഇക്കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണെന്നും റിപ്പോർട്ടുകളുണ്ട്.

ഈ മാസം ആറിനും പതിനഞ്ചിനും ഇടയിൽ ആയുധങ്ങൾ കൈമാറാൻ പശ്ചിമേഷ്യൻ വ്യോമാതിർത്തി ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും വ്യോമാതിർത്തി ഒഴിവാക്കി പാക് വ്യോമപാതയാണ് ഇതിനായി ഉപയോഗിച്ചത്. ആയുധങ്ങളുമായി ഗ്ലോബ്മാസ്റ്റർ വിമാനം പറന്നു. യുക്രെയിൻ സൈന്യത്തിനായുള്ള പീരങ്കി വെടിക്കോപ്പുകൾ ഈ ദിവസങ്ങളിൽ പാകിസ്ഥാനിലൂടെ കൈമാറി. യുദ്ധം ആരംഭിച്ചതുമുതൽ പാശ്ചാത്യ ശക്തികൾ യുക്രെയിന് ആയുധങ്ങൾ യഥേഷ്ടം എത്തിക്കുന്നുണ്ട്.

പാക് രഹസ്യം പുറത്തായി

അടുത്തിടെ യുക്രെയിൽ വിദേശകാര്യമന്ത്രി പാക്കിസ്ഥാനെ പ്രശംസിച്ചതുമായി ബന്ധപ്പെട്ടാണ് യുദ്ധത്തിൽ പാകിസ്ഥാന്റെ കരങ്ങളെ സംശയിക്കാൻ പ്രതിരോധ മാദ്ധ്യമങ്ങൾ ശ്രമം തുടങ്ങിയത്. യുക്രെയിനുമായി മുൻപും പാകിസ്ഥാൻ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. യുക്രെയിനിൽ നിന്നും പാകിസ്ഥാൻ ടാങ്കുകളടക്കമുള്ള ആയുധങ്ങൾ വാങ്ങിയിരുന്നു. 1991 നും 2020 നും ഇടയിൽ യുക്രെയ്ൻ പാക്കിസ്ഥാനുമായി ഏകദേശം 1.6 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടുകൾ നടത്തിയിരുന്നു. ഇതിനുള്ള പ്രതിഫലമായി 1998ൽ ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ എതിർത്ത രാജ്യങ്ങളിലൊന്നായിരുന്നു യുക്രെയിൻ. പാകിസ്ഥാന് വേണ്ടി ഇന്ത്യയ്‌ക്കെതിരെ നിലപാടെടുക്കാനും കീവ് അക്കാലങ്ങളിൽ തയ്യാറായിരുന്നു. കാശ്മീർ വിഷയത്തിലടക്കം ഈ സഹകരണമുണ്ടായിരുന്നു. അതേസമയം ഇന്ത്യ അമേരിക്ക ബന്ധം തളിർക്കുന്നതിന് പകരമായി പാകിസ്ഥാനുമായി അടുക്കാൻ റഷ്യ അടുത്തിടെ ശ്രമിച്ചിരുന്നു. ഇപ്പോഴത്തെ പാകിസ്ഥാൻ രഹസ്യ ഇടപെടലുകൾ ഈ റഷ്യയുടെ ഈ നീക്കം അവസാനിപ്പിക്കുമെന്ന് ഇന്ത്യ കരുതുന്നു.