
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ശശി തരൂർ യോഗ്യനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അദ്ദേഹത്തിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെ. കൂടുതൽ വോട്ട് കിട്ടുന്നവർ വിജയിക്കുമെന്നും കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ ജനാധിപത്യ പ്രക്രിയയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കില്‍ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഉണ്ടാകില്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. അദ്ധ്യക്ഷ പദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഗാന്ധി കുടുംബമില്ലെങ്കില്‍ ജി 23 സ്ഥാനാര്‍ത്ഥിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. ഇവരിൽ കൂടുതൽ സാദ്ധ്യത ശശി തരൂരിനാണ്. കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിന്റെ പിന്തുണയും ശശി തരൂരിനുണ്ട്.