
മരണം പിടിതരാനാവാത്ത ഒരു സത്യമാണ്. ശാസ്ത്രലോകത്തിന് മുന്നിൽ ഇപ്പോഴും അനേകം സംശയങ്ങൾ മരണത്തെ കുറിച്ചുണ്ട്. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് വാർദ്ധക്യവും. വാർദ്ധക്യത്തെ അകറ്റി നിർത്തിയാൽ ഒരു പരിധി വരെ മരണത്തെയും നമുക്ക് തടയാനാവും. ദീർഘായുസ്സ്, വാർദ്ധക്യം, അമർത്യത എന്നീ ചിന്തകൾക്ക് കടൽ ജീവിയായ ജെല്ലി ഫിഷിൽ നിന്നും മറുപടി കണ്ടെത്താനാവും എന്ന വിശ്വാസത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. വാർദ്ധക്യത്തിന് പിടികൊടുക്കാതെ യൗവനത്തിലേക്ക് മടങ്ങാൻ കഴിവുള്ള കടൽ ജീവിയാണ് ജെല്ലിഫിഷ്.
സ്പാനിഷ് ഗവേഷകരാണ് ജെല്ലിഫിഷായ ടൂറിറ്റോപ്സിസ് ഡോർണിയുടെ ജനിതകഘടനയെ മനസിലാക്കാനുള്ള പ്രയത്നം ആരംഭിച്ചത്. ഈ ജെല്ലി ഫിഷിന്റെ ആയുർദൈർഘ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ഡീകോഡ് ചെയ്യുന്നതോടെ വൻ കണ്ടുപിടുത്തമാവും ഉണ്ടാവുക. ജെല്ലിഫിഷിനെ മരണം ഒഴിവാക്കാൻ സഹായിക്കുന്ന വിവിധ ജനിതക രഹസ്യങ്ങൾ കണ്ടെത്തേണ്ടി വരും. യൂണിവേഴ്സിറ്റി ഓഫ് ഒവിഡോയിലെ ഡോ. കാർലോസ് ലോപ്പസ്ഓട്ടിന്റെ നേതൃത്വത്തിലാണ് പഠനം. ജെല്ലിഫിഷിന്റെ സവിശേഷമായ ദീർഘായുസ്സിന്റെ രഹസ്യം കണ്ടെത്താനും മനുഷ്യ വാർദ്ധക്യത്തെക്കുറിച്ചുള്ള പുതിയ സൂചനകൾ കണ്ടെത്താനുമുള്ള പഠനത്തിൽ ജീവിയുടെ ജനിതക ശ്രേണി മാപ്പ് സംഘം ചെയ്തു. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജെല്ലിഫിഷുകൾ രണ്ട് തരത്തിലുള്ള ജീവിത ചക്രത്തിലൂടെയാണ് കടന്ന് പോകുന്ന. ശാരീരിക പക്വത വരാത്ത കാലഘട്ടവും, വളർച്ച പൂർത്തീകരിച്ച കാലവുമാണിത്. ലൈംഗിക പക്വതയിൽ എത്തുന്നത് വരെ പ്രായമാകുന്നത് തടയാനും തിരികെ ലാർവ ഘട്ടത്തിലേക്ക് മടങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. ചില ജീവികൾക്ക് കാലത്തിന് പിന്നോട്ട് സഞ്ചരിക്കാൻ കഴിയും. ഈ അറിവിൽ നിന്നും നമ്മെ കീഴടക്കുന്ന വാർദ്ധക്യവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾക്ക് മികച്ച ഉത്തരം കണ്ടെത്താനാവുമെന്ന് അസ്റ്റൂറിയൻ സർവകലാശാലയിലെ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി പ്രൊഫസർ കാർലോസ് ലോപ്പസ്ഓട്ടിൻ പറയുന്നു.