gorb

മോസ്‌കോ: അമേരിക്കയെ ശീതയുദ്ധത്തിൽ തളച്ച സോവിയറ്റ്‌ യൂണിയൻ എന്ന വൻശക്തിയെ സാമ്പത്തിക,​ രാഷ്ടീയ പരിഷ്കാരങ്ങളിലൂടെ 15 രാഷ്‌ട്രങ്ങളായി ശിഥിലീകരിച്ച് ലോക ചരിത്രം തിരുത്തിക്കുറിച്ച മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു.

ശീതയുദ്ധത്തിന് അന്ത്യം കുറിക്കുകയും, ലോകത്തെ ഏറ്റവും ശക്തമായ കമ്മ്യൂണിസ്റ്റ് സർവാധിപത്യ ഭരണകൂടത്തിന്റെ അസ്തിവാരം തോണ്ടുകയും ചെയ്‌ത ഗോർബച്ചേവ് 91ാം വയസിലാണ് വിടവാങ്ങിയത്. ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇന്നലെ മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ റെയ്‌സ കാൻസർ ബാധിച്ച് 1999ൽ മരണമടഞ്ഞിരുന്നു.മോസ്‌കോയിൽ റഷ്യൻ നേതാക്കളുടെ അന്ത്യ വിശ്രമസ്ഥലമായ നോവോഡെവിച്ചി ശ്‌മശാനത്തിൽ റെയ്‌സയുടെ സ്‌മൃതി കുടീരത്തിനു സമീപം ഗോർബച്ചേവിന്റെ ഭൗതികദേഹം സംസ്‌കരിക്കും.

ലോക വൻശക്തിയെന്ന നിലയിലുള്ള സോവിയറ്റ്‌ സാമ്രാജ്യത്തിന്റെ അനിഷേദ്ധ്യത തകർത്തതിലൂടെ അമേരിക്കയുടെയും മറ്റ് പാശ്ചാത്യ ശക്തികളുടെയും കണ്ണിലുണ്ണിയായ ഗോർബച്ചേവിന് 1990ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയിരുന്നു.

1985 - 1991കാലത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഗോർബച്ചേവ് സോവിയറ്റ് യൂണിയന്റെ അനിഷേദ്ധ്യ നേതാവായിരുന്നത്. ഗ്ലാസ്നോസ്റ്റ്,​ പെരിസ്‌ട്രോയിക്ക എന്നീ പേരുകളിൽ പ്രസിദ്ധമായ അദ്ദേഹത്തിന്റെ ഭരണ,​ രാഷ്‌ട്രീയ,​ സാമ്പത്തിക പരിഷ്കാരങ്ങളാണ് കമ്മ്യൂണിസത്തിന്റെ ഇരുമ്പു മറകളും ഉഗ്രശാസനങ്ങളും ഭേദിച്ച് സോവിയറ്റ് ജനതയിൽ വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാറ്റും വെളിച്ചവും കടത്തിവിട്ടത്.

പരിഷ്‌കാരങ്ങളുടെ കാറ്റ്

മാർക്സിസം - ലെനിനിസത്തിൽ നിന്ന് സോഷ്യൽ ഡെമോക്രസിയിലേക്ക് പ്രത്യയശാസ്‌ത്ര ചുവടുമാറ്റം നടത്തിയ ഗോ‌ർബച്ചേവിന്റെ പരിഷ്‌കാരങ്ങളുടെ കാറ്റ് സോവിയറ്റ് യൂണിയന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വീശുകയും , കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെയും കമ്മ്യൂണിസ്റ്റ് സർവാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്‌തു.

അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ രണ്ട് ശാക്തിക ചേരികളായി നിന്ന ലോകത്തെ തച്ചുടച്ച് അമേരിക്കൻ കേന്ദ്രീകൃതമായ ഏക ലോകക്രമത്തിലേക്ക് മാറ്റിയ ഗോർബച്ചേവ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലോകനേതാവായി ഉയർന്നു. അതേസമയം,​ സോവിയറ്റ് യൂണിയന്റെ വൻശക്തി സിംഹാസനം തെറിപ്പിച്ച ഗോർബച്ചേവിനെ വലിയൊരു വിഭാഗം വെറുക്കുകയും ചെയ്‌തു. സോവിയറ്റ് സാമ്രാജ്യം തകർന്നതോടെ ശേഷിച്ച റഷ്യ പിന്നീട് ഒരു പതിറ്റാണ്ടിലേറെ പട്ടിണിയുടെയും ക്ഷാമത്തിന്റെയും ദുരിതത്തിലായിരുന്നു.പാശ്‌ചാത്യ ലോകത്ത് ഗോർബി എന്ന് സ്നേഹപൂർവം അറിയപ്പെട്ടിരുന്ന ഗോർബച്ചേവാണ് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നിലനിന്ന ആണവായുധ സംഘർഷത്തിന് അറുതി വരുത്തിയത്.

സോവിയറ്റ് യൂണിയൻ തകർന്നതിന് പിന്നാലെ ഗോർബച്ചേവ് രാഷ്‌ട്രീയത്തിൽ ഒതുക്കപ്പെട്ടു.

പിന്നീട് വിദ്യാഭ്യാസ,​ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം 1996ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും തുച്ഛമായ വോട്ട് നേടി പരാജയപ്പെട്ടു.