gdp-

കൊച്ചി: ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ)​ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നടപ്പു സാമ്പത്തിക വർഷത്തെ (2022-23)​ ആദ്യപാദമായ ഏപ്രിൽ -ജൂണിലും നിലനിറുത്തി ഇന്ത്യ. 13.5 ശതമാനമാണ് ജൂൺപാദ വളർച്ചയെന്ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം,​ കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും ഉയർന്ന നാണയപ്പെരുപ്പവും വ‍ളർച്ചാക്കുതിപ്പിന്റെ ആക്കംകുറച്ചു. 20.1 ശതമാനമായിരുന്നു 2021 ഏപ്രിൽ-ജൂണിൽ വളർച്ച. ഇക്കുറി ജൂൺപാദത്തിൽ ഇന്ത്യ 16.2 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്.

എന്നാൽ ചൈന (0.4 ശതമാനം)​,​ അമേരിക്ക (നെഗറ്റീവ് 0.9 ശതമാനം)​,​ ബ്രിട്ടൻ (നെഗറ്റീവ് 0.2 ശതമാനം)​ തുടങ്ങിയവയെ മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ജി.ഡി.പി മൂല്യം ₹36.85 ലക്ഷം കോടി

കഴിഞ്ഞ ജനുവരി-മാർച്ചിലെ 4.1 ശതമാനത്തെ അപേക്ഷിച്ച് ഏപ്രിൽ-ജൂണിൽ വളർച്ചാനിരക്ക് വൻതോതിൽ മെച്ചപ്പെട്ടെങ്കിലും ജി.ഡി.പി മൂല്യത്തിൽ വലിയ കുറവുണ്ട്.

2021 ജൂൺപാദത്തിലെ 32.46 ലക്ഷം കോടി രൂപയിൽ നിന്ന് കഴിഞ്ഞപാദത്തിൽ മൂല്യം 13.5 ശതമാനം ഉയർന്ന് 36.85 ലക്ഷം കോടി രൂപയിലെത്തി. ജനുവരി-മാർച്ചിൽ മൂല്യം 40.78 ലക്ഷം കോടി രൂപയായിരുന്നു.

കരുത്തുകാട്ടി കാർഷികം

കാർഷികമേഖലയാണ് കഴിഞ്ഞപാദത്തിൽ മികച്ച വളർച്ച കുറിച്ചത്. സുപ്രധാന മേഖലകളുടെ വളർച്ചാനിരക്ക് ഇങ്ങനെ (ബ്രായ്ക്കറ്റിൽ 2021 ജൂൺപാദ വളർച്ച)​.

 കാർഷികം : 4.5% (2.2%)​

 ഖനനം : 6.5% (18%)​

 മാനുഫാക്‌ചറിംഗ് : 4.8% (49%)​

ജി.ഡി.പി വളർച്ച കഴിഞ്ഞപാദങ്ങളിൽ

 2021 ഏപ്രിൽ-ജൂൺ : 20.1%

 ജൂലായ് - സെപ്തംബർ : 8.4%

 ഒക്‌ടോബർ-ഡിസംബർ : 5.4%

 ജനുവരി-മാർച്ച് : 4.1%

 2022 ഏപ്രിൽ-ജൂൺ : 13.5%*

(*കഴിഞ്ഞ 4 പാദങ്ങൾക്കിടയിലെ ഏറ്റവും മികച്ച വളർച്ചാനിരക്ക്)​