 
വോളിബാളിൽ സംസ്ഥാന അസോസിയേഷന്റെ ടീമിന് എൻട്രി നൽകി
സ്പോർട്സ് കൗൺസിൽ ടീം തിരഞ്ഞെടുത്ത് ക്യാമ്പ് നടത്തിയത് വെറുതെയായി
ഹാൻഡ്ബാളിൽ കൗൺസിൽ നിർദ്ദേശിച്ച പ്രകാരം റീ സെലക്ഷൻ നടത്തിയില്ല
തിരുവനന്തപുരം : ഗുജറാത്തിൽ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിനുള്ള ടീം സെലക്ഷനുകളിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിർദ്ദേശങ്ങൾ തള്ളി കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന ടീമുകളുടെ എൻട്രി ലിസ്റ്റ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിച്ചു. കോടതി കയറിയ വോളിബാളിന്റെയും സെലക്ഷൻ സംബന്ധിച്ച് പരാതികൾ ഉയർന്ന ഹാൻഡ്ബാളിന്റെയും ടീം ലിസ്റ്റുകളാണ് അവസാന ദിവസമായ ഇന്നലെ കെ.ഒ.എ സമർപ്പിച്ചത്.
കേരള വോളിബാൾ അസോസിയേഷനെ തങ്ങൾ വിലക്കിയിരിക്കുന്നതിനാൽ അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയ സ്പോർട്സ് കൗൺസിൽ ദേശീയ ഗെയിംസിനായി ടീമിനെ സെലക്ട് ചെയ്യുകയും രണ്ടാഴ്ചയായി ക്യാമ്പ് നടത്തിവരികയുമായിരുന്നു. അതേസമയം അസോസിയേഷനും ടീമിനെ പ്രഖ്യാപിച്ചതോടെ പ്രശ്നം ഹൈക്കോടതിയിലെത്തി. വാദം കേട്ട കോടതി ടീമിനെ അയയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന ഒളിമ്പിക് അസോസിയേഷനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. ഇതനുസരിച്ച് സംഘാടകർക്ക് എൻട്രി നൽകാനുള്ള അവസാന ദിവസമായ ഇന്നലെ ഒളിമ്പിക് അസോസിയേഷൻ വോളിബാൾ അസോസിയേഷൻ പ്രഖ്യാപിച്ച ടീമിന് എൻട്രി നൽകുകയായിരുന്നു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ മാർഗനിർദ്ദേശമനുസരിച്ച് അതത് സ്റ്റേറ്റ് അസോസിയേഷനുകൾ തീരുമാനിക്കുന്ന ടീമിനാണ് എൻട്രി നൽകേണ്ടതെന്നും അത് പാലിക്കുകയാണ് തങ്ങൾ ചെയ്തതെന്നും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ കേരള കൗമുദിയോട് പറഞ്ഞു. ഐ.ഒ.എ നിർദ്ദേശത്തിന് ഘടകവിരുദ്ധമായി പ്രവർത്തിച്ചാൽ ഗെയിംസിൽ കേരളത്തിന്റെ പങ്കാളിത്തത്തെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗെയിംസിന് എൻട്രി നൽകിക്കഴിഞ്ഞതോടെ വെള്ളത്തിലായത് രണ്ടാഴ്ചയോളമായി സ്പോർട്സ് കൗൺസിലിന്റെ പരിശീലനക്യാമ്പിൽ പങ്കെടുത്തുവരുന്ന കളിക്കാരാണ്. കേരളത്തിനായി നിരവധി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത താരങ്ങൾക്കാണ് അസോസിയേഷന്റെയും കൗൺസിലിന്റെയും അധികാരവടംവലിയിൽപ്പെട്ട് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായത്. വോളിബാൾ അസോസിയേഷൻ ടീം പ്രഖ്യാപിച്ചെങ്കിലും ക്യാമ്പ് തുടങ്ങിയിട്ടില്ല.
അതേസമയം ഹാൻഡ്ബാളിൽ റീസെലക്ഷൻ നടത്തി പുതിയ ടീം പ്രഖ്യാപിക്കണമെന്ന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ നിർദ്ദേശം തള്ളിയാണ് എൻട്രി ലിസ്റ്റ് സമർപ്പിച്ചത്. ടീം സെലക്ഷനെ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് റീ സെലക്ഷൻ നടത്താൻ നിർദ്ദേശം നൽകിയത്. എന്നാൽ എൻട്രി നൽകാനുള്ള അവസാന ദിവസത്തിന്റെ തൊട്ടുതലേന്ന് ചട്ടപ്രകാരം റീ സെലക്ഷൻ നടത്താൻ നൽകിയ നിർദ്ദേശം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒളിമ്പിക് അസോസിയേഷൻ പഴയടീമിന് തന്നെ എൻട്രി നൽകിയത്.
യോഗയിൽ ടീമില്ലാതെ കേരളം
ദേശീയ ഗെയിംസിൽ നിറയെ മെഡൽ സാദ്ധ്യതയുള്ള സ്പോർട്സ് യോഗയിൽ ടീമിനെ അയയ്ക്കാൻ യോഗമില്ലാതെ കേരളം. ദേശീയ യോഗ ഫെഡറേഷൻ സംസ്ഥാനത്തെ അസോസിയേഷന് അംഗീകാരം നൽകാത്തതിനാലാണ് കേരള ടീമിന് പങ്കെടുക്കാൻ കഴിയാത്തത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിരിക്കുന്ന ഘടകത്തിനാണ് ദേശീയ അംഗീകാരം ലഭിക്കാത്തത്.