no-drugs

തിരുവനന്തപുരം: ലഹരി മാഫിയ സ്കൂളുകളും കാേളേജുകളും കേന്ദ്രീകരിച്ച് കുട്ടികളെ കെണിയിലാക്കുന്ന പശ്ചാത്തലത്തിൽ,എല്ലാ വിദ്യാലയങ്ങൾക്കു ചുറ്റും ഗാന്ധിജയന്തിക്ക് ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല തീർക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണത്തിന് ഹ്രസ്വ സിനിമകൾ, വീഡിയോകൾ, ലഹരിവിരുദ്ധ ക്ലാസുകൾ എന്നിവയുണ്ടാവും. വിക്ടേഴ്സ് ചാനലിൽ ലഹരിവിരുദ്ധസന്ദേശം നൽകും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ലഹരിവിരുദ്ധ കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർരചന, സ്കിറ്റ് എന്നിവ നടത്താം. പ്രതീകാത്മകമായി ലഹരി ഉത്പ്പന്നങ്ങൾ കുഴിച്ചുമൂടും. സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് എന്നിവയെ ലഹരിവിരുദ്ധ കാമ്പെയിനുപയോഗിക്കും. ലഹരിയുപയോഗം കാരണമുള്ള ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകും.

തദ്ദേശസ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ജനജാഗ്രതാസദസ്സ് സംഘടിപ്പിക്കും. കുടുംബശ്രീ യൂണിറ്റുകളിൽ ലഹരിവിപത്തിനെക്കുറിച്ച് ചർച്ചയുണ്ടാവും.