
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ കരുത്തരായ ചെൽസിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് സതാംപ്ടൺ അട്ടിമറിച്ചു. മറ്റ് മത്സരങ്ങളിൽ ബ്രൈട്ടണെ ഫുൾഹാം കീഴടക്കിയപ്പോൾ ബ്രെന്റ്‌ഫോർഡിനെ ക്രിസ്റ്റൽ പാലസ് സമനിലയിൽ കുരുക്കി. എവർട്ടണും ലീഡ്‌സും സമനിലയിൽ പിരിഞ്ഞു.
സതാംപ്ടണിന്റെ ഹോം ഗ്രൗണ്ടായ സെന്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23-ാം മിനിട്ടിൽ റഹിം സ്‌റ്റെർലിംഗിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ അഞ്ചുമിനിട്ടിനുശേഷം റോമിയോ ലാവിയയിലൂടെ സതാംപ്ടൺ സമനില ഗോൾ നേടി. റോമിയോയുടെ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെയാണ് ഗോൾ പിറന്നത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ആദം ആംസ്‌ട്രോങ്ങിലൂടെ സതാംപ്ടൺ വിജയഗോൾ നേടി. രണ്ടാം പകുതിയിൽ പരമാവധി ശ്രമിച്ചിട്ടും ചെൽസിയ്ക്ക് സമനില ഗോൾ നേടാനായില്ല. ലീഗിൽ ചെൽസി വഴങ്ങുന്ന രണ്ടാം തോൽവിയാണിത്. നേരത്തേ ലീഡ്‌സ് യുണൈറ്റഡിനോട് ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഈ തോൽവിയോടെ ചെൽസി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ടീമിനുള്ളത്. വിജയത്തോടെ സതാംപ്ടൺ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുമായി ഏഴാം സ്ഥാനത്തെത്തി.