russia

വാഷിംഗ്ടൺ : റഷ്യയുമായി സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ ആശങ്കയറിയിച്ച് യു.എസ് രംഗത്ത്. ഇന്ന് മുതൽ സെപ്തംബർ 7 വരെ റഷ്യയിലെ വിവിധ മേഖലകളിൽ നടക്കുന്ന ' വൊസ്‌റ്റോക് 2022 " സൈനികാഭ്യാസത്തിലാണ് ഇന്ത്യ പങ്കെടുക്കുന്നത്.

ഏകദേശം 50,​000ത്തോളം സൈനികർ,​ 60 യുദ്ധക്കപ്പലുകൾ,​ 150 യുദ്ധവിമാനങ്ങൾ എന്നിവയടക്കം 5,​000ത്തിലേറെ ആയുധ യൂണിറ്റുകളും സംയുക്ത സൈനികാഭ്യാസത്തിൽ അണിനിരക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

' യുക്രെയിനിൽ റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ അവരുമായി ഏതെങ്കിലും രാജ്യം സൈനികാഭ്യാസം നടത്തുന്നതിനെ പറ്റി യു.എസിന് ആശങ്കയുണ്ട്. എന്നാൽ, സൈനികാഭ്യാസങ്ങളിൽ പങ്കെടുക്കുന്നതിൽ ഓരോ രാജ്യത്തിനും അവരുടേതായ തീരുമാനങ്ങൾ ഉണ്ട്. ' മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ഷോൺ - പിയർ പറഞ്ഞു.

ഇന്ത്യയ്ക്കും മുൻ സോവിയറ്റ് രാജ്യങ്ങൾക്കും പുറമേ ചൈന, ലാവോസ്, മംഗോളിയ, നിക്കരാഗ്വ, സിറിയ എന്നീ രാജ്യങ്ങളും സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. റഷ്യയുടെ ഈസ്റ്റേൺ മിലിട്ടറി ഡിസ്ട്രിക്‌റ്റിലെ ഏഴ് ട്രെയിനിംഗ് ഗ്രൗണ്ടുകളിലും ജപ്പാൻ കടൽ, ഒഖോറ്റ്‌സ്‌ക് കടൽ എന്നിവിടങ്ങളിലും ഇവയുടെ തീരത്തും റഷ്യൻ ചീഫ് ഒഫ് ജനറൽ സ്റ്റാഫ് വലേറി ഗെറസിമോവിന്റെ നേതൃത്വത്തിൽ സൈനികാഭ്യാസം നടത്തും.

സൈനികാഭ്യാസത്തിൽ പങ്കെടുക്കുമെങ്കിലും നാവികാഭ്യാസത്തിൽ ഇന്ത്യ പങ്കെടുക്കില്ല. ജപ്പാൻ കടലിൽ റഷ്യയും ചൈനയും യുദ്ധക്കപ്പലുകളുമായി അഭ്യാസങ്ങൾ നടത്തുന്നുണ്ട്. ക്വാഡ് സഖ്യത്തിലെ പങ്കാളിയെന്ന നിലയ്ക്കാണ് ജപ്പാന് സമീപമുള്ള അഭ്യാസങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത്. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന സംയുക്ത സൈനികാഭ്യാസത്തിൽ ഇന്ത്യയും ചൈനയും പാകിസ്ഥാനും അടക്കം 17 രാജ്യങ്ങൾ പങ്കെടുത്തിരുന്നു.