
കോഴിക്കോട്: മർകസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. ഇന്നു രാവിലെ ഒമ്പതുവരെ തിരൂർ നടുവിലങ്ങാടിയിലെ വസതിയിൽ പൊതുദർശനവും ജനാസ നമസ്‌കാരവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കും. മുപ്പത് വർഷത്തോളം മലേഷ്യയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം തൊണ്ണൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മക്കൾ: സയ്യിദ് സഹൽ ബാഫഖി,ശരീഫ സുൽഫത്ത് ബീവി. മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പിതൃസഹോദരപുത്രനാണ്.