
ദുബായ്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നലെ യു.എ.ഇയിലെത്തി. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്‌ഖ് അബ്‌ദുള്ള ബിൻ സായിദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലെ സമഗ്ര പങ്കാളിത്തം 14ാമത് ഇന്ത്യ - യു.എ.ഇ ജോയിന്റ് കമ്മിഷൻ മീറ്റിംഗിൽ ഇരുവരും അവലോകനം ചെയ്യും. മൂന്നാമത് ഇന്ത്യ - യു.എ.ഇ സ്ട്രാറ്റജിക് ഡയലോഗ് മീറ്റിംഗിലും ഇരുവരും പങ്കെടുക്കും.
ഇന്നലെ ദുബായ് വിമാനത്താവളത്തിലെത്തിയ ജയശങ്കറിനെ യു.എ.ഇ വിദേശകാര്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുള്ള മുഹമ്മദ് അൽ ബലൂക്കിയുടെയും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന്റെയും നേതൃത്വത്തിലെ നയതന്ത്ര സംഘം സ്വീകരിച്ചു.
ശേഷം, അബുദാബിയിലെത്തിയ ജയശങ്കർ അവിടെ നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രം സന്ദർശിച്ചു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും പ്രതീകമാണ് അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ 28ന് യു.എ.ഇയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് ഇൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലായ് 14ന് നടന്ന പ്രഥമ ഐ2യു2 ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി യെയ്‌ർ ലാപിഡ് എന്നിവർക്കൊപ്പം ഇരുവരും വെർച്വലായി പങ്കെടുത്തിരുന്നു.