pak

കറാച്ചി : ജൂൺ മുതൽ പെയ്യുന്ന കടുത്ത മൺസൂൺ മഴയിലും തുടർന്നുണ്ടായ പ്രളയവും പാകിസ്ഥാനിൽ ഇതുവരെ കവർന്നത് 380 കുട്ടികളുടെ ജീവൻ. 1,100 ലേറെ പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. പതിനായിരക്കണക്കിന് വീടുകൾ തകർന്നു. ദുരിതത്തിൽ മുങ്ങിയ പാക് ജനതയെ സഹായിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ച് ഐക്യരാഷ്ട്ര സംഘടന ( യു.എൻ ) സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് രംഗത്തെത്തി. പാകിസ്ഥാനായി 160 ദശലക്ഷം ഡോളറിന്റെ സഹായമാണ് യു.എൻ അഭ്യർത്ഥിച്ചിരിക്കുന്നത്. ഗുട്ടറെസ് അടുത്താഴ്ച പാകിസ്ഥാൻ സന്ദർശിക്കുമെന്ന് യു.എൻ വൃത്തങ്ങൾ അറിയിച്ചു. പ്രളയ ദുരിതാശ്വാസത്തിന് പാക് സൈന്യവും രംഗത്തുണ്ട്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാണെന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെറി റെഹ്‌മാൻ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് പാകിസ്ഥാന് 30 ദശലക്ഷം ഡോളർ നൽകുമെന്ന് യു.എസ് അറിയിച്ചു.