niyamasabha

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. നിയമം റദ്ദാക്കുന്നതിനുള്ള ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. മുസ്ലിം സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ നടപടി. അജണ്ടയ്ക്ക് പുറത്തുള്ള ഇനമായാണ് ബിൽ അവതരിപ്പിക്കുന്നത്.

വഖഫ് നിയമനത്തിനായി പി.എസ് .സിക്ക് പകരം പുതിയ സംവിധാനമാണ് പരിഗണനയിലുള്ളത്. അപേക്ഷ പരിശോധിക്കാൻ ഓരോ വർഷവും ഇന്റർവ്യൂ ബോർഡാണ് ആലോചിക്കുന്നത്. ബിൽ അവതരണത്തിന് മുന്നോടിയായി കക്ഷി നേതാക്കളുമായി സർക്കാർ ചർച്ച ചെയ്യും

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ മുസ്ലിം സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. തുടർന്ന് നിയമം പിൻവലിക്കുമെന്നും പുതിയ ബിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.