road

ന്യൂയോർക്ക് : യു.എസിലെ കാലിഫോർണിയയിൽ തിരക്കേറിയ ഇന്റർസ്റ്റേറ്റ് 80 ഹൈവേയിൽ അപകടത്തിൽപ്പെട്ട ട്രക്കിൽ നിന്ന് റോഡിലേക്ക് ചിതറി തലവേദന സൃഷ്ടിച്ചത് 150,000ലേറെ തക്കാളികൾ. പ്രാദേശിക സമയം, തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. തക്കാളി ലോഡുമായി വന്ന ട്രക്ക് നിയന്ത്രണം തെറ്റി രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡിലൂടെ തെന്നി നീങ്ങി സെന്റർ മീഡിയനിൽ തട്ടി നിൽക്കുകയായിരുന്നു. ഏകദേശം 200 അടിയോളം നീളത്തിൽ തക്കാളികൾ ഹൈവേയിൽ കുമിഞ്ഞുകൂടി. താരതമ്യേന വലിപ്പം കൂടിയ ഇനം തക്കാളികളായിരുന്നു ട്രക്കിൽ.

ഹൈവേയിലൂടെ കടന്നുപോയ ചില വാഹനങ്ങളാകട്ടെ തക്കാളിയ്ക്ക് മുകളിലൂടെ വാഹനം ഓടിച്ചതോടെ റോഡിൽ ടൊമാറ്റോ സോസ് വിതറിയ പോലെ ആയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തക്കാളി നീക്കാനെത്തിയ അധികൃതരെ ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കി. ഇതിനിടെ തക്കാളികൾക്ക് മുകളിൽ തെന്നിമറിഞ്ഞത് ഏഴ് കാറുകളാണ്. നാല് പേർക്കാണ് സംഭവത്തിൽ ആകെ പരിക്കേറ്റത്.

മൂന്ന് പേർക്ക് നിസാര പരിക്കുകളാണെന്നും കാലൊടിഞ്ഞ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കാലിഫോർണിയ ഹൈവെ പട്രോൾ വ്യക്തമാക്കി. ഹൈവെ അടച്ച് മണിക്കൂറുകളുടെ പരിശ്രമത്തിലൂടെയാണ് റോഡ് പഴയ നിലയിലെത്തിച്ചതെന്ന് അധികൃതർ പറയുന്നു. യു.എസിലെ തക്കാളി ഉത്പാദനത്തിന്റെ ഏകദേശം 90 ശതമാനത്തിലേറെ കാലിഫോർണിയയിൽ നിന്നാണ്. നിലവിൽ കാലിഫോർണിയയിൽ തക്കാളിയുടെ സീസണാണ്.