match

ദുബായ്: ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റിൽ താരതമ്യേന പുതുമുഖങ്ങൾ എന്ന ദൗർബല്യം പുറത്തുകാണിക്കാതെ പരമാവധി നന്നായി പൊരുതി ഹോങ്കോംഗ്. എങ്കിലും വമ്പൻമാരായ ടീം ഇന്ത്യയെ മറികടക്കാൻ അവർക്കായില്ല. 192 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അവർക്ക് അഞ്ച് വിക്കറ്റുകളുടെ നഷ്‌ടത്തിൽ 152 നേടാനേ കഴിഞ്ഞുള‌ളു.

ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ ഓപ്പണർമാരായ ക്യാപ്‌റ്റൻ രോഹിത് ശർമ്മ(21) 39 പന്തുകളിൽ നിന്ന് 36 റൺസ് മാത്രം നേടിയ വൈസ് ക്യാപ്‌റ്റൻ കെ എൽ രാഹുൽ എന്നിവരുടെ വിക്കറ്റ് നഷ്‌ടപ്പെടുത്തി 192 റൺസ് നേടി. 44 പന്തിൽ 59 റൺസ് കൊഹ്‌ലി നേടി. എന്നാൽ വെടിക്കെട്ട് ബാറ്റിംഗ് തീർത്ത് ടീം ഇന്ത്യൻ ടോട്ടൽ 192 എത്തിച്ചത് സൂര്യകുമാർ യാദവാണ്. 26 പന്തിൽ ആറ് സിക്‌സും ആറ് ഫോറുമടക്കം 68 റൺസാണ് സൂര്യകുമാർ നേടിയത്. കളിയിലെ കേമനും സൂര്യയാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗിനായി ബാബർ ഹയാത്(41),കിഞ്‌ചിത് ഷാ(30), സീഷാൻ അലി(26 നോട്ടൗട്ട്), സ്‌കോട് മക്കെന്നി(8 പന്തിൽ പുറത്താകാതെ 16) എന്നിവ‌ പൊരുതിയെങ്കിലും 152ൽ പോരാട്ടം അവസാനിച്ചു. 15 റൺസ് വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വർ കുമാറും ജഡേജയും ഹോങ്കോംഗിനെ പിടിച്ചുകെട്ടി.