dx
ഇടിമിന്നലിൽ കിടക്ക നിർമ്മാണ യൂണിറ്റ് കത്തിയത് ഫയർഫോഴ്സ് അണയ്ക്കുന്നു

വളാഞ്ചേരി: ഇടിമിന്നലിൽ കിടക്ക നിർമ്മാണ യൂണിറ്റ് കത്തി നശിച്ചു. വളാഞ്ചേരി കാവുംപുറം കെ.ആർ. ശ്രീനാരായണ കോളേജിന് സമീപം കാളിയേല സ്വദേശി ചോലേങ്ങൽ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള എനാം ബെഡ് ആന്റ് പില്ലോ സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇന്നലെ പകൽ 2.15 ഓടെയാണ് തീപിടിത്തമുണ്ടായത്. മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ കെട്ടിടത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളിൽ തീപിടിക്കുകയായിരുന്നു. തുടർന്ന് തീ ഇരുനില കെട്ടിടത്തിനകത്തേക്കും പടർന്നു. സംഭവ സമയത്ത് സ്ഥാപനത്തിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പുറത്ത് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നായി മൂന്ന് ഫയർ യൂണിറ്റ് എത്തി വൈകിട്ട് നാലോടെയാണ് തീ പൂർണ്ണമായും അണച്ചത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കിടക്കകൾ, തലയണകൾ എന്നിവയും നിർമ്മാണ ഉപകരണങ്ങളും തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്ഥാപന ഉടമ പറഞ്ഞു.