
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ 13 യാത്രക്കാരിൽ നിന്നായി അഞ്ചു കോടിയോളം വിലമതിക്കുന്ന ഒമ്പത് കിലോ സ്വർണ്ണം പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ്, കോഴിക്കോട് പ്രിവന്റീവ് യൂണിറ്റുകളും കരിപ്പൂർ കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.
ദുബായ്, സൗദിഅറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് ഗുളിക രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണം കണ്ടെത്തിയത്. പത്തു യാത്രക്കാരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മൂന്നു പേരെ കസ്റ്റംസുമാണ് പിടിച്ചത്. ഞായറാഴ്ച രാത്രി പത്തുമുതൽ തുടങ്ങിയ പരിശോധന 13 മണിക്കൂർ
നീണ്ടു. പിടികൂടിയ സ്വർണ മിശ്രിതത്തിൽ നിന്ന് ഒമ്പതു കിലോ സ്വർണം വേർതിരിച്ചെടുത്തു.
ഓപ്പറേഷൻ ടൊർണാഡോ എന്ന പേരിലായിരുന്നു പ്രിവന്റീവ് വിഭാഗത്തിന്റെ പരിശോധന. തുടർന്നാണ് കരിപ്പൂർ കസ്റ്റംസ് നടത്തിയ പരിശോധനയിൽ മൂന്നു കിലോയോളം സ്വർണ്ണമിശ്രിതവുമായി മൂന്നു യാത്രക്കാർ പിടിയിലായത്. ജിദ്ദയിൽ നിന്ന് വന്ന നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് നൗഷാദിൽ നിന്ന് 842 ഗ്രാം, മഞ്ചേരി തോട്ടക്കാട് പള്ളിയാളി മുസ്തഫയിൽ നിന്ന് 957 ഗ്രാം, മലപ്പുറം കൂട്ടിലങ്ങാടി തരമ്പൻ അബ്ദു നാസറിൽ നിന്ന് 1165 ഗ്രാം എന്നിങ്ങനെയാണ് സ്വർണ മിശ്രിതം പിടി
ച്ചത്.