
മലപ്പുറം: യു.എ.ഇയിൽ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശിക്ക് (30) മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ജൂലായ് 27ന് കോഴിക്കോട് വിമാനത്താവളത്തിലൂടെയാണ് ഇയാൾ നാട്ടിലെത്തിയത്. തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ചർമ്മരോഗവിഭാഗത്തിൽ ചികിത്സ തേടി.
പൂനെ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കയച്ച സാമ്പിളുകളുടെ ഫലം ഇന്നലെ രാവിലെയാണ് ലഭിച്ചത്. രോഗി തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. സമ്പർക്കത്തിലുള്ള നാലുപേരെ നിരീക്ഷണത്തിലാക്കി. ഇതോടെ മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക പറഞ്ഞു.