yyyy

മലപ്പുറം: തീരദേശ മേഖലയിലെ കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കുന്ന ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതി ജില്ലയിൽ ഇഴയുന്നു. വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്കാണ് സർക്കാർ സുരക്ഷിത ഭവനങ്ങൾ ഒരുക്കിയത്. മുന്നൂറിലധികം കുടുംബങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീട് നിർമ്മിക്കാനുള്ള പണം ലഭിച്ചിട്ടില്ല. തീരദേശ മേഖലയുടെ 50 മീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് മറ്റൊരു സ്ഥലത്ത് സുരക്ഷിത ഭവനമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് 2018ലാണ് പുനർഗേഹം പദ്ധതിക്ക് രൂപം നൽകിയത്. 2019ൽ പ്രവർത്തനം ആരംഭിച്ചു. ഭൂമി വാങ്ങിക്കാൻ ആറും വീട് പണിയാൻ നാലും ലക്ഷം വീതം മൊത്തം 10 ലക്ഷമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. നാലുലക്ഷം വീടുപണിക്ക് തികയില്ലെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. സർക്കാരിന്റെ പത്ത് ലക്ഷത്തിനൊപ്പം തങ്ങളുടെ വിഹിതം കൂടി ഉൾപ്പെടുത്തി വീട് പണി പൂർത്തീകരിച്ചവരുണ്ട്. ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും ഇത്തരത്തിൽ പണം ചെലവഴിക്കാൻ സാധിക്കാത്തവരാണ്. കടൽ പ്രക്ഷുബ്ധമാവുമ്പോൾ ഏറെ ഭീതിയിലാണ് ഇവർ കഴിയുന്നത്. സുരക്ഷിത സ്ഥലങ്ങളിൽ വീട് നിർമ്മിക്കാൻ വേണ്ട തുക സർക്കാർ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പദ്ധതി ഇഴഞ്ഞു തന്നെ

ജില്ലയിലെ തീരദേശ മേഖലയിലുള്ള 1,​806 കുടുംബങ്ങളാണ് പദ്ധതിയിലുൾപ്പെടുന്നത്. 1,​177 പേർ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചു. പദ്ധതി ആരംഭിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും 203 കുടുംബങ്ങൾക്കേ സുരക്ഷിത ഭവനം ലഭിച്ചിട്ടുള്ളൂ. ഇതിൽ 75 കുടുംബങ്ങൾക്ക് വീടൊരുക്കി. 128പേർക്ക് പൊന്നാനിയിലെ ഫ്ലാറ്റിലും താമസ സൗകര്യമൊരുക്കി. 408 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇഴയുകയാണ്. 216 പേർക്ക് ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയെങ്കിലും നിർമ്മാണം ആരംഭിക്കാനായിട്ടില്ല. ഇതിനെല്ലാം പുറമേ പദ്ധതിയുടെ ഒരു നടപടിയിലും ഉൾപ്പെടാതെ വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്നത് 350 കുടുംബങ്ങളാണ്.

പണം നൽകുന്നത് മൂന്ന് ഘട്ടങ്ങളിൽ

മൂന്ന് ഘട്ടങ്ങളിലായാണ് വീട് നിർമ്മിക്കാനുള്ള നാലുലക്ഷം നൽകുന്നത്. തറ നിർമ്മാണത്തിന് 40 ശതമാനം. പൂർത്തിയായാൽ സീലിംഗ് വാർപ്പടക്കമുള്ള പ്രവൃത്തികൾക്കായി വീണ്ടും 40 ശതമാനം. അവസാനഘട്ട പ്രവൃത്തികൾക്കായി ബാക്കി 20 ശതമാനവും. രണ്ടാംഘട്ട പ്രവൃത്തികൾക്ക് ,​ തുക പര്യാപ്തമാവാതെ വരുന്നതോടെ നിർമ്മാണം പാതിയിൽ നിലയ്ക്കുകയാണെന്ന് ഗുണഭോക്താക്കൾ പറയുന്നു. തുക മുഴുവൻ ലഭിച്ചാലും അവസാനഘട്ട പ്രവൃത്തികൾക്ക് വേറെയും തുക കണ്ടെത്തേണ്ട സ്ഥിതിയാണ്.

ഒന്നാം ഘട്ട നിർമ്മാണത്തിലുള്ള വീടുകൾ - 172

രണ്ടാം ഘട്ടത്തിൽ - 132

അവസാന ഘട്ടത്തിൽ -104

പത്ത് ലക്ഷം കൊണ്ട് വീട് നിർമ്മിക്കാനാവില്ല. വേറെ പണമൊന്നും സ്വന്തമായി ചെലവഴിക്കാനുമില്ല. അതുകൊണ്ടാണ് ഫ്ലാറ്റിലേക്ക് മാറാൻ സന്നദ്ധനായത്. കുടുംബത്തിന് സ്വന്തമായി വീട് തന്നെയാണ് ആവശ്യം.

നൗഷാദ്

പൊന്നാനി ഫ്ലാറ്റിലെ താമസക്കാരൻ