ggg

മലപ്പുറം: മൺസൂൺ കലിതുള്ളുമ്പോൾ ജില്ല കടുത്ത ആശങ്കയിലാണ്. 2018ലെ ആദ്യ പ്രളയം മുതൽ ആഗസ്റ്റിൽ മഴ കനക്കാറാണ് പതിവ്. പല പ്രദേശങ്ങളും തുരുത്തുകളായ അനുഭവമുണ്ട്. രക്ഷാപ്രവർത്തനം സമയബന്ധിതമായി നടത്താനാവാത്തത് വലിയ വെല്ലുവിളി ഉയർ‌ത്തിയിരുന്നു. പിന്നാലെ ജില്ലയിലെ ഫയർഫോഴ്സിനെ ശക്തിപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതു വാക്കുകളിലൊതുങ്ങി. വളാഞ്ചേരി,​ തേഞ്ഞിപ്പലം,​ വേങ്ങര എന്നിവിടങ്ങളിൽ പുതിയ ഫയർസ്റ്റേഷനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിടമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ല. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ഫയർ സ്റ്റേഷൻ എന്ന സർക്കാർ‌ നയപ്രകാരം പോലും മലപ്പുറത്ത് 16 സ്റ്റേഷനുകൾ വേണം. നിലവിൽ എട്ട് ഫയർ സ്റ്റേഷനുകളാണുള്ളത്. ഇതിൽ തന്നെ രണ്ടെണ്ണം മിനി ഫയർസ്റ്റേഷനുകളാണ്. വിവിധ വകുപ്പുകൾ തമ്മിലെ ഏകോപനക്കുറവും സ്ഥലം കണ്ടെത്തുന്നതിൽ വന്ന കാലതാമസവുമാണ് പ്രതിസന്ധി തീർത്തത്.

എന്ന് വരും ഫയർസ്റ്റേഷൻ

വളാഞ്ചേരി ഫയർസ്റ്റേഷനായി കാട്ടിപ്പരുത്തി വില്ലേജിൽ 42 സെന്റ് സ്ഥലം ഏറ്റെടുത്തിട്ട് മൂന്ന് വർഷമായി. കെട്ടിടത്തിന് 3.90 കോടിയും അനുവദിച്ചു. പൊതുമരാമത്ത് വിഭാഗം തയ്യാറാക്കിയ കെട്ടിടം സ്കെച്ച് പാലക്കാട് റിജ്യണൽ ഫയർ ഓഫീസ‌ർ കഴിഞ്ഞ ഏപ്രിലിൽ ഫയർഫോഴ്സ് ഡയറക്ടർ ജനറലിന് കൈമാറിയെങ്കിലും തുടർനടപടി ഉണ്ടായില്ല. കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ ഏറെ അപകടങ്ങൾ നടക്കുന്ന മേഖലയാണിത്. കോട്ടയ്ക്കൽ അടക്കം പ്രധാന നഗരങ്ങളും വളാഞ്ചേരി ഫയർസ്റ്റേഷന്റെ പരിധിയിലാവും വരിക.

ഇനിയും ധാരണയാവാതെ

കാലിക്കറ്റ് സർവകലാശാലയുടെ ഭൂമിയിൽ ഫയർസ്റ്റേഷൻ ആരംഭിക്കാൻ ഫയർഫോഴ്സും യൂണിവേഴ്സിറ്റി അധികൃതരും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിലും തുടർനടപടികൾക്ക് വേഗക്കുറവാണ്. സ്ഥലത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ ജില്ലാ ഫയർഫോഴ്സ് അധികൃതർ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഇരുവകുപ്പുകളും സംയുക്തമായി അതിർത്തി നിർണ്ണയം നടത്തണമെന്നും ഇല്ലെങ്കിൽ ഭൂമി വിട്ടുകിട്ടുന്നതിൽ കാലതാമസം വരുമെന്നുമുള്ള കാലിക്കറ്റ് സർവകലാശാല പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ജില്ലാ ഫയർഫോഴ്സ് അധികൃതർ ഫയർഫോഴ്സ് റീജ്യണൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. ഇതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.

എൻ.ഒ.സി ലഭ്യമാക്കണം

വേങ്ങര ഫയർസ്റ്റേഷന് തിരൂരങ്ങാടി കൊളപ്പുറം റോഡിലെ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭൂരേഖ തഹസിൽദാറുടെ നേതൃത്വത്തിൽ സർവേയും പൂർത്തിയാക്കി. ഓഫീസ് കെട്ടിടത്തിന്റെ സ്കെച്ച് ഫയർഫോഴ്സ് റീജ്യണൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. ഇനി പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി ലഭ്യമായാലേ തുടർനടപടി കൈക്കൊള്ളാനാവൂ. നേരത്തെ വേങ്ങര പി.എച്ച്.സിയുടെ സ്ഥലമാണ് കണ്ടുവച്ചിരുന്നത്. ആശുപത്രിയുടെ വികസനം ചൂണ്ടിക്കാട്ടി ഇതു ലഭിച്ചില്ല.

വേണം ഫയർസ്റ്റേഷനുകൾ

ചാലിയാറിന്റെ തീരങ്ങളോടനുബന്ധിച്ച് വലിയ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മലയോര പ്രദേശങ്ങളായ പോത്തുകല്ല്, എടക്കര, കാളികാവ് എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകളില്ലാത്തത് പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ചാലിയാറും ഏഴോളം വരുന്ന കൈവഴികളും ഒഴുകുന്ന ഈ പ്രദേശങ്ങൾ പ്രളയകാലയളവിൽ തുരുത്തുകളായി മാറിയിരുന്നു. പലയിടങ്ങളിലും രക്ഷാപ്രവർത്തനത്തിന് എത്തിപ്പെടാൻ പോലും ഫയർഫോഴ്സിന് കഴിഞ്ഞില്ല. ഇവിടങ്ങളിൽ ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചാലേ അടിയന്തര ഘട്ടങ്ങളിൽ ഫലപ്രദമായി സേവനം ഉറപ്പാക്കാനാവൂ.

.