d

വെളിയങ്കോട്: കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. മിഷന്റെ നടത്തിപ്പിനാവശ്യമായ ജലസംഭരണിക്കുള്ള സ്ഥലം വാങ്ങാൻ വിഭവ സമാഹരണത്തിനായാണ് യോഗം ചേർന്നത്. 21 ലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് 8,​500 വീടുകളിൽ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പി.നന്ദകുമാർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അദ്ധ്യക്ഷനായി. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ രേഖ പി. നായർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ.സുബൈർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്, സെയ്ത് പുഴക്കര, ബ്ലോക്ക് അംഗം പി.അജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ, ഷരീഫ മുഹമ്മദ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത് പങ്കെടുത്തു.