
മലപ്പുറം: തദ്ദേശസ്ഥാപനങ്ങളിൽ ഒരു ടൂറിസം കേന്ദ്രങ്ങളെങ്കിലുമെന്ന സർക്കാർ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നു. പദ്ധതിയിലുൾപ്പെടുത്താനായി ജില്ലയിലെ 35ൽ അധികം പഞ്ചായത്തുകളിൽ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ അമ്പത് ശതമാനം ചെലവ് ടൂറിസം വകുപ്പ് നൽകും. പരമാവധി 50 ലക്ഷമാണ് അനുവദിക്കുക. വരുമാനവും നടത്തിപ്പ് ചുമതലയും അതത് തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും.തദ്ദേശ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തി വിശദ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സഹിതമാണ് അപേക്ഷ നൽകേണ്ടത്. പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന പ്രദേശമായിരിക്കണം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സാങ്കേതിക പരിശോധന നടത്തിയതിന് ശേഷം പദ്ധതി നടപ്പാക്കും.
ഒന്നിലധികം തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ഭൂമിയാണെങ്കിൽ ഒരുമിച്ച് പദ്ധതി തയ്യാറാക്കാം. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ചെലവഴിച്ചതിന് ശേഷമായിരിക്കും ടൂറിസം വകുപ്പ് ഫണ്ട് നൽകുക. എം.പി, എം.എൽ.എ ഫണ്ടുകളും ഇക്കാര്യത്തിനായി ഉപയോഗിക്കാം. നിർമാണം തുടങ്ങി ഒന്നര വർഷത്തിനകം പൂർത്തിയാക്കും.