 
മലപ്പുറം: ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകരുടെ പ്രതീക്ഷകൾ തകർത്ത് മഴയും കാറ്റും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിലെ 48.84 ഹെക്ടറിലെ കൃഷി നശിച്ചു. 639 കർഷകരുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിൽ 1.82 കോടിയുടെ കൃഷിനാശം രേഖപ്പെടുത്തി. കഴിഞ്ഞ മാസവും കാറ്റും മഴയും കാർഷിക മേഖലയിൽ വലിയ നാശം വിതച്ചിരുന്നു. ഓണ വിപണിയിൽ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും കൃഷിയിറക്കിയത്. ജില്ലയിൽ മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ കാർഷിക മേഖല കടുത്ത ആശങ്കയിലാണ്.
ഒടിഞ്ഞത് കർഷക മോഹങ്ങൾ
ഓണവിപണിയിലെ മികച്ച വില ലക്ഷ്യമിട്ട് കൃഷിയിറക്കിയ വാഴക്കർഷകർ കടുത്ത നിരാശയിലാണ്. മഴയ്‌ക്കൊപ്പം വീശിയ കാറ്റിൽ മൂപ്പെത്താറായ വാഴകളടക്കം വ്യാപകമായി നശിച്ചു. ഒരാഴ്ചയ്ക്കിടെ കുലച്ച 20,420 വാഴകളാണ് ഒടിഞ്ഞു തൂങ്ങിയത്. കുലച്ചിട്ടില്ലാത്ത 8,424 വാഴകളും നശിച്ചു. ആകെ 21.33 ഹെക്ടറിലെ വാഴക്കൃഷി ഇല്ലാതായി. 374 കർഷകരുടെ അദ്ധ്വാനവും 1.55 കോടിയുടെ വിളവുമാണ് മഴ കൊണ്ടുപോയത്.
4.24 ഹെക്ടറിലെ നെൽ കൃഷിയും നശിച്ചിട്ടുണ്ട്. 60 കർഷകർക്കായി 6.34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 3.70 ഹെക്ടറിലെ പച്ചക്കറി കൃഷിയും വെള്ളത്തിലായി. ഇതിൽ 2.20 ഹെക്ടർ പന്തലിട്ട പച്ചക്കറി കൃഷിയാണ്.
കാറ്റിൽ ഉലഞ്ഞ്
6.50 ഹെക്ടറിലായി 153 കുലച്ച തെങ്ങുകൾ കാറ്റിൽ നിലംപൊത്തി. 7.65 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 3.54 ഹെക്ടറിലെ 626 കവുങ്ങുകൾ ഒടിഞ്ഞു തൂങ്ങി. 1.88 ലക്ഷത്തിന്റെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. മൂന്ന് ഹെക്ടറിലെ വെറ്റിലക്കൃഷി ഇല്ലാതായി. 7.55 ലക്ഷത്തിന്റെ നഷ്ടമുണ്ട്. മൂന്ന് ഹെക്ടറിലെ മരച്ചീനി കൃഷിയും നശിച്ചിട്ടുണ്ട്.